Connect with us

shahrukh khan

'ഇന്ത്യയുടെ ആത്മാവ്'; ലതാ മങ്കേഷ്കറിന് ആദരമർപ്പിക്കുന്ന ഷാരൂഖിൻ്റെ ചിത്രം വൈറൽ

ഇന്ത്യൻ മതേതരത്വത്തിൻ്റെ മഹദ് സന്ദേശവും ഇന്ത്യയുടെ ആത്മാവുമാണ് ഈ സുന്ദര ചിത്രം പ്രതീകവത്കരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങൾ ഒന്നടങ്കം വാഴ്ത്തുന്നു.

Published

|

Last Updated

ഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ശിവാജി പാർക്കിൽ ആദരാഞ്ജലിയർപ്പിക്കുന്ന ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെയും അദ്ദേഹത്തിൻ്റെ മാനേജർ പൂജാ ദദ്ലാനിയുടെയും ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ മതേതരത്വത്തിൻ്റെ മഹദ് സന്ദേശവും ഇന്ത്യയുടെ ആത്മാവുമാണ് ഈ സുന്ദര ചിത്രം പ്രതീകവത്കരിക്കുന്നതെന്ന് സാമൂഹിക മാധ്യമങ്ങൾ ഒന്നടങ്കം വാഴ്ത്തുന്നു. ഇരുവരും തങ്ങളുടെ മതചട്ടകൂടിൽ നിന്നുകൊണ്ട് ആദരമർപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഷാരൂഖ് ഖാൻ മുസ്ലിം ശൈലിയിൽ ഉള്ളംകൈ തുറന്ന് പ്രാർഥിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ മാനേജർ പൂജ കൈകൂപ്പി ഹിന്ദുശൈലിയിൽ പ്രാർഥിക്കുന്നതാണ് ചിത്രത്തിലുള്ളത്. ട്വിറ്ററിലും ഇൻ്സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം രാഷ്ട്രീയ നേതാക്കളും പ്രമുഖരും അല്ലാത്തവരുമെല്ലാം ഫോട്ടോ ഏറ്റുപിടിച്ചിട്ടുണ്ട്.

‘ഇതൊരു പ്രതീകമാണ്. ഒരിക്കലും വീണുടയരുതേ എന്ന് പ്രാർത്ഥിക്കുന്ന പ്രതീകം. ലതാജിയുടെ ഭൗതിക ശരീരത്തിന് മുന്നിൽ പ്രാർത്ഥനയോടെ നിൽക്കുകയാണ് കിങ് ഖാനും ഒരു സഹോദരിയും. പ്രാർത്ഥനയുടെ മനോഹരമായ രണ്ട് രീതികൾ, അത്രമേൽ വികാരഭരിതമായ ഒരിടത്തിൽ സംഗമിക്കുമ്പോൾ അത് അങ്ങേയറ്റം സ്വർഗ്ഗീയമായ ഒരു കാഴ്ചയാകുന്നു. എന്റെ ഇന്ത്യ!’- എന്നാണ് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ എം പി കുറിച്ചത്.

അതേസമയം, സംഘ്പരിവാർ പ്രൊഫൈലുകൾ ചിത്രം ഉപയോഗിച്ച് വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് തുറന്നുകാട്ടുന്നതായിരുന്നു കേരളത്തിൽ നിന്നുള്ള ഇടത് എം പി. ഡോ.വി ശിവദാസൻ്റെ പോസ്റ്റ്. ‘രാജ്യമൊന്നായി ഒരു മഹാസംഗീതപ്രതിഭയ്ക്ക് വിട ചൊല്ലുന്ന അവസരത്തിൽ, ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തോട് ഷാരുഖ്ഖാൻ അനാദരവ് കാട്ടിയെന്ന നികൃഷ്ടമായ വ്യാജ പ്രചാരണം ഏറ്റവും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. വർഗീയതയുടെ വിഷം ചീറ്റുന്ന വലത് പക്ഷ രാഷ്ട്രീയം വിതക്കുന്ന ദുരന്തം ഇത് വെളിവാക്കുന്നു.’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Latest