Editors Pick
രാജ്യത്തിന്റെ ആത്മാവ് യുവാക്കളില്‍; ഇന്ന് ദേശീയ യുവജനദിനം
യുവതയുടെ സര്‍ഗശേഷിയും ഊര്‍ജവും ക്രിയാത്മകമായി പ്രയോജനപ്പെടുത്തി ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് ഈ വര്‍ഷത്തെ യുവജനദിന പ്രമേയം.
യുവാക്കളിലാണ് രാജ്യത്തിന്റെ ആത്മാവെന്ന് വിളിച്ചോതി ഇന്ന് ദേശീയ യുവജനദിനം. ഇന്ത്യന്‍ യുവത്വത്തിന് പ്രചോദനമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആഘോഷിക്കുന്നത്. യുവ ജനങ്ങളുടെ ശാക്തീകരണത്തിനും കഴിവുകള്‍ പ്രചോദിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കണമെന്ന് സമൂഹത്തെ ഓര്‍മിപ്പിക്കുന്ന ദിവസം കൂടിയാണ് ദേശീയ യുവജനദിനം.
1984ലാണ് ഗവണ്‍മെന്റ് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കാനായിജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കാന്‍ തുടങ്ങിയത്. യുവതയുടെ സര്‍ഗശേഷിയും ഊര്‍ജവും ക്രിയാത്മകമായി പ്രയോജനപ്പെടുത്തി ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് ഈ വര്‍ഷത്തെ യുവജനദിന പ്രമേയം. സ്വാമി വിവേകാനന്ദന്റെ ജീവിതരീതികളും ചിന്തകളും വഴി യുവാക്കളെ പ്രചോദിപ്പിച്ച് രാജ്യത്തിന് മികച്ച ഭാവി സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
യുവാക്കള്‍ക്കിടയില്‍ പുതിയ ഊര്‍ജവും ശക്തിയും ഉണ്ടാകുന്നതിനുള്ള മികച്ച മാര്‍ഗമാണ് ദേശീയ യുവജന ദിനം. പിന്നീട് എല്ലാ വര്‍ഷവും ജനുവരി 12 യുവജനങ്ങളെ പ്രചോദിപ്പിക്കുന്നതിനായി ദേശീയ യുവജന ദിനമായി ആഘോഷിച്ചു വരുന്നു.
ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജ്യവ്യാപകമായി തിരഞ്ഞെടുത്ത 3,000 യുവ പ്രതിനിധികളെയാണ് വികസിത് ഭാരത് ചലഞ്ചിലൂടെ തിരഞ്ഞെടുത്തത്.
രാജ്യത്തിന്റെ ഭാവി നേതാക്കളെ ശാക്തീകരിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും തയ്യാറാക്കിയ വിവിധ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ചടങ്ങില്‍വികസിത് ഭാരത് ആശയത്തെ കുറിച്ച് യുവ നേതാക്കള്‍ തയ്യാറാക്കിയ അവതരണങ്ങളും പ്രദര്‍ശിപ്പിക്കും.