Connect with us

Story

ഒലീവ് മരത്തിന്റെ ആത്മഗതം

ഒരുപക്ഷേ...., ആ ചിത്രങ്ങളവന്റെ മനസ്സിൽ വരച്ചിട്ട പ്രതീക്ഷകളായിരിക്കാം. നഷ്ടപ്പെട്ടുവെന്ന് തോന്നിയ സന്തോഷങ്ങൾ അവനതിൽ കണ്ടെത്തിയിരിക്കാം....

Published

|

Last Updated

രുട്ടു മൂടിയ ആകാശങ്ങൾ, ശുദ്ധ വായുവിനെ കാണാനേയില്ല, എനിക്കലങ്കാരമായി, തണലേകിയിരുന്ന ഇലകളോ, കളകളാരവം മുഴക്കിയിരുന്ന നീലക്കിളികളോ, മൃദുലമായ കൈകൾ കൊണ്ട് തലോടി പുഞ്ചിരിക്കുന്ന കുട്ടികളോ ഇന്നെന്റെ കൂടെയില്ല.
കാണുന്നത് മുഴുവനും രക്തവും കണ്ണീരും നിറഞ്ഞ പുഴകളാണ്. നിലവിളികളും വേദനകളും ഇനി കേൾക്കാനുള്ള ത്രാണിയില്ല. പതിവായി അവൻ വരാറുണ്ട്.

രണ്ട് രാപകലുകൾക്ക് മുമ്പാണ് അവസാനമായി ഞാനവനെ കാണുന്നത്.തേജസ്സുറ്റ മുഖവുമായി കൂട്ടുകാരോടൊത്ത് അവനെന്നും വരും. എന്നിലെ ഒലീവ് കായകൾ പോലും അവനു വേണ്ടി കാത്തിരിക്കാറാണ്. കൊച്ചു വീട്ടിൽ കളി തമാശകൾ പറഞ്ഞ് സന്തോഷത്തോടിരിക്കുന്നൊരു കുടുംബം, വിദ്യാലയം, കൂട്ടുകാർ, പച്ചയിൽ പൂത്ത് നിൽക്കുന്ന മഞ്ഞ പ്പൂക്കൾ, നിറങ്ങളാൽ വർണാഭമായ പിന്നിയ കടലാസു കഷ്ണങ്ങളിൽ അവൻ വരച്ചു കൂട്ടിയ സ്വപ്നങ്ങളെ ഞാൻ ഒരുപാട് കാണാറുണ്ട്.

ഒരുപക്ഷേ…., ആ ചിത്രങ്ങളവന്റെ മനസ്സിൽ വരച്ചിട്ട പ്രതീക്ഷകളായിരിക്കാം. നഷ്ടപ്പെട്ടുവെന്ന് തോന്നിയ സന്തോഷങ്ങൾ അവനതിൽ കണ്ടെത്തിയിരിക്കാം….

ദൂരെ നിന്നും അടിച്ചു വീശിയ കാറ്റിൽ പൊഴിഞ്ഞ ഇല എന്നെ സ്വപ്നങ്ങളിൽ നിന്നും തട്ടിയുണർത്തി. ആ ഇല ചെന്നു വീണിടത്ത്, തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു കീറിപ്പറിഞ്ഞ കടലാസ് കഷ്ണത്തിൽ ഇനിയും വരച്ചു തീരാത്ത നിറമില്ലാത്തൊരു ചിത്രം ഞാൻ കണ്ടു.