Qatar World Cup 2022
ഖത്വറില്‍ സ്പാനിഷ് വസന്തം പൂത്തുലഞ്ഞു; സ്‌പെയിനിന് ഗംഭീര തുടക്കം
എണ്ണം പറഞ്ഞ ഏഴ് ഗോളുകളാണ് കോസ്റ്ററിക്കന്‍ വലയില്‍ സ്‌പെയിന്‍ താരങ്ങള്‍ നിക്ഷേപിച്ചത്. കോസ്റ്ററിക്കക്ക് ഒന്നുപോലും മടക്കാനായില്ല.
ദോഹ | സകല ശക്തിയും സംഭരിച്ച് മൈതാനത്ത് സ്‌പെയിന്‍ ഗോള്‍ വസന്തം തീര്‍ത്തപ്പോള്‍ നിര്‍വീര്യമായി കോസ്റ്ററിക്ക. എണ്ണം പറഞ്ഞ ഏഴ് ഗോളുകളാണ് കോസ്റ്ററിക്കന്‍ വലയില്‍ സ്‌പെയിന്‍ താരങ്ങള്‍ നിക്ഷേപിച്ചത്. കോസ്റ്ററിക്കക്ക് ഒന്നുപോലും മടക്കാനായില്ല. ആദ്യ പകുതിയിലെ ആദ്യ അര മണിക്കൂറില്‍ തന്നെ മൂന്ന് ഗോളിന്റെ മേധാവിത്വം പുലര്‍ത്താന്‍ സ്‌പെയിനിനായി. ഫെരന്‍ ടോറസ് ഇരട്ട ഗോള്‍ നേടി. ഇതോടെ ഈ ലോകകപ്പിൽ ഇതുവരെ ഒരു മത്സരത്തിൽ കൂടുതൽ ഗോൾ നേടിയ ടീമായി സ്പെയിൻ. നേരത്തേ ഇറാനുമായുള്ള ഇംഗ്ലണ്ട് ആറ് ഗോൾ നേടിയിരുന്നു. ഇംഗ്ലണ്ട് രണ്ട് ഗോൾ വഴങ്ങുകയും ചെയ്തു.
11ാം മിനുട്ടില്‍ ഡാനി ഒല്‍മോയാണ് സ്‌പെയിനിന്റെ പടയോട്ടത്തിന് തുടക്കമിട്ടത്. പത്ത് മിനുട്ട് പിന്നിട്ടപ്പോഴേക്കും അടുത്ത ഗോളെത്തി. 21ാം മിനുട്ടില്‍ മാര്‍കോ അസെന്‍ഷ്യോ ആയിരുന്നു സ്‌കോറര്‍. വീണ്ടും പത്ത് മിനുട്ട് പിന്നിട്ടപ്പോള്‍ 31ാം മിനുട്ടില്‍ ഫെരന്‍ ടോറസ് ടീമിന്റെ മൂന്നാം ഗോള്‍ പെനല്‍റ്റിയിലൂടെ അടിച്ചെടുത്തു.
രണ്ടാം പകുതി ആരംഭിച്ച 54ാം മിനുട്ടില്‍ ടോറസ് രണ്ടാമതും കോസ്റ്ററിക്കയുടെ വല കുലുക്കി. സ്പാനിഷ് ഗോളെണ്ണം നാലായി. 74ാം മിനുട്ടിലായിരുന്നു അഞ്ചാം ഗോള്‍. ആല്‍വാരോ മൊറാത്തയുടെ ത്രൂബോള്‍ ഉഗ്രനൊരു ഷോട്ടിലൂടെ ഗാവി വലയിലാക്കുകയായിരുന്നു. 90ാം മിനുട്ടിലായിരുന്നു ആറാം ഗോള്‍. കാര്‍ലോസ് സോളര്‍ ആയിരുന്നു സ്‌കോറര്‍. ഇഞ്ചുറി ടൈമില്‍ 92ാം മിനുട്ടില്‍ ആല്‍വാരോ മൊറാത്ത സ്‌പെയിനിന്റെ അവസാന ഗോള്‍ നേടി.
പന്തടക്കത്തിലും എതിരാളിയുടെ ഗോള്‍മുഖത്തേക്ക് തീയുണ്ട കണക്കെ ഷോട്ടുകള്‍ പായിക്കുന്നതിലും സ്‌പെയിന്‍ ബഹുദൂരം മുന്നിലായിരുന്നു. ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ കോസ്റ്ററിക്കക്ക് സാധിച്ചില്ല. റഫറി മുഹമ്മദ് അബ്ദുല്ല ഹസൻ മുഹമ്മദ് ഉയർത്തിയ രണ്ട് മഞ്ഞക്കാര്‍ഡുകൾ കോസ്റ്ററിക്കന്‍ താരങ്ങൾക്ക് ലഭിക്കുകയും ചെയ്തു.