speaker
അതീവ സുരക്ഷാ മേഖലയായ നിയമസഭയുടെ ഇടനാഴിയിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ലെന്ന് സ്പീക്കർ
മന്ത്രിമാരുടെയും ഭരണപക്ഷ എം എൽ എമാരുടെയും സ്റ്റാഫുകൾ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും.
തിരുവനന്തപുരം| നിയമസഭാ മന്ദിരം അതീവ സുരക്ഷാ മേഖലയാണെന്നും ഇടനാഴിയിൽ ദൃശ്യങ്ങൾ പകർത്താൻ അനുവാദമില്ലെന്നും സ്പീക്കർ എ എൻ ശംസീർ. നിയമവിരുദ്ധമായി ആര് ചെയ്താലും ഇതിനെതിരെ നടപടി ഉണ്ടാകും. ചട്ടങ്ങൾ മാധ്യമങ്ങൾക്കും ബാധകമാണെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫംഗങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സ്പീക്കറുടെ വിശദീകരണം.
മന്ത്രിമാരുടെയും ഭരണപക്ഷ എം എൽ എമാരുടെയും സ്റ്റാഫുകൾ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. നിയമസഭാ സംഘര്‍ഷത്തിൽ ഏഴ് പ്രതിപക്ഷ എം എൽ എമാരുടെ സ്റ്റാഫ് അംഗങ്ങൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രതിപക്ഷ എം എൽ എമാരായ എം വിൻസന്റ്, ടി സിദ്ദിഖ്, കെ കെ രമ, എ പി അനിൽകുമാർ, പി കെ ബശീര്‍, ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ പിഎ മാര്‍ക്കാണ് മെമ്മോ കിട്ടിയത്.
സ്പീക്കറുടെ ഓഫിസിന് മുന്നിൽ നിന്ന് സംഘര്‍ഷത്തിന്‍റെ ദൃശ്യം മൊബൈലിൽ പകര്‍ത്തിയതിനാണ് നടപടി. അകത്ത് അതീവ സുരക്ഷ മേഖലയിൽ നിന്ന് ദൃശ്യം പകര്‍ത്തിയത് ചട്ട വിരുദ്ധമാണെന്നും കാരണം ബോധിപ്പിച്ചില്ലെങ്കിൽ നിയമസഭ ചട്ടപ്രകാരം അച്ചടക്ക നടപടി എടുക്കുമെന്നും വ്യക്തമാക്കിയാണ് മെമ്മോ.