gandhi murder
ഗാന്ധിജിയെ വധിച്ചവരെ കുറിച്ച് പറയാതെ സ്തുതിയും സ്മരണയും മാത്രം നടത്തുന്നത് വഞ്ചനയെന്ന് സ്പീക്കർ
ഗാന്ധിജിക്കു നേരെ ഉന്നം പിടിച്ച തോക്ക് ഇന്ന് മതനിരപേക്ഷ ഇന്ത്യക്കു നേരെ ഉന്നം പിടിക്കുന്നു.
തിരുവനന്തപുരം | ഗാന്ധിജി വധിക്കപ്പെട്ട ദിവസം ഉറക്കെ പറയേണ്ടത് വധിച്ചവർ ആരെന്നാണെന്നും വധിച്ചവരെക്കുറിച്ച് പറയാതെ ഗാന്ധിസ്‌തുതിയും സ്മരണയും മാത്രം നടത്തുന്നത് ഗാന്ധിയോടും ഇന്ത്യയോടുമുള്ള വഞ്ചനയാണെന്നും സ്പീക്കർ എം ബി രാജേഷ്.
വധിച്ചവർ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാണ്. ഹിന്ദുരാഷ്ട്രവാദികളാണ്. സ്വാതന്ത്ര്യത്തിനും ഭരണഘടനക്കും നടുവിൽ ഗാന്ധിയെ ഇല്ലാതാക്കിയത് മതനിരപേക്ഷ രാഷ്ട്രത്തെ ഇല്ലാതാക്കാനായിരുന്നു. അന്നത് നടന്നില്ല. പക്ഷെ ഇന്നുമതിനുള്ള ശക്തമായ ശ്രമം തുടരുന്നു. ഗാന്ധിജിക്കു നേരെ ഉന്നം പിടിച്ച തോക്ക് ഇന്ന് മതനിരപേക്ഷ ഇന്ത്യക്കു നേരെ ഉന്നം പിടിക്കുന്നു.
ഗാന്ധി കൊല ചെയ്യപ്പെട്ടപ്പോൾ നെഹ്‌റു പറഞ്ഞു- വെളിച്ചമണഞ്ഞു. ഇന്ന് ഇരുട്ട് കനക്കുകയാണ്. മരിച്ചിട്ടും ജീവിച്ചത് ഗാന്ധി മാത്രമല്ല, ഗോഡ്സെ കൂടിയാണ്. രാക്ഷസീയാകാരം പൂണ്ട് ഗോഡ്‌സെ വളർന്നിരിക്കുന്നു. വംശം പെറ്റുപെരുകിയിരിക്കുന്നു. അതിനാൽ ഗാന്ധി രക്തസാക്ഷിത്വത്തെ ആദരിക്കുകയെന്നാൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് സന്ധിയില്ലാത്ത സമരം തുടരുക എന്നാണർഥമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.