Connect with us

Articles

കൊളോണിയലിസത്തിന്റെ പ്രേതബാധ

സർക്കാറിനെതിരിൽ സംസാരിച്ചാൽ, സമരം ചെയ്താൽ ബുൾഡോസറുകൾ വീടിന് നേരെ വരുന്നു. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശമായ ഭരണഘടനയുടെ ആർട്ടിക്കിൾ 21നെ ബി ജെ പി സർക്കാറുകൾ നാണം കെടുത്തുന്നു. ജുഡീഷ്യറിക്ക് പൂജ്യം വില കൽപ്പിച്ച്, പൗരാവകാശവും നിഷേധിച്ച് ബുൾഡോസർ രാജിന് തുനിയുമ്പോൾ അന്ധകാര കാലഘട്ടത്തിലെ പ്രാകൃത രീതികളിലേക്ക് ഒരു പരിഷ്കൃത രാജ്യത്തെ ഇവർ തിരികെ നടത്തുകയാണ്.

Published

|

Last Updated

അവശിഷ്ടങ്ങളുടെ പൊടി പടലങ്ങളിൽ നീതിയുടെ മൃതശരീരം വിറങ്ങലിച്ചു കിടക്കുന്നുവെന്ന് പാടിയത് പതിനേഴാം നൂറ്റാണ്ടിലെ സൂഫി കവിയായിരുന്ന മിർസാ ഫിദ്‌വിയാണ്. പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച സെയ്ദാബാദിലെ ഷാഹി മസ്ജിദും പതിനേഴാം നൂറ്റാണ്ടിലെ മുസഫർ നഗർ ജുമുഅ മസ്ജിദും പത്തൊമ്പതാം നൂറ്റാണ്ടിലെ ബാരാബങ്കി ദഅ്വാ മസ്ജിദുമൊക്കെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിക്കഴിഞ്ഞു. നൂറ്റാണ്ടുകൾക്കിപ്പുറം വംശീയ വിദ്വേഷത്തിന്റെ ബുൾഡോസറുകൾ ദംഷ്ട്ര വിടർത്തുന്നതും നീതി പിടഞ്ഞുമരിക്കുന്നതും കവിഭാവനക്ക് ഗോചരമായിരുന്നുവെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല.
യു പിയിലെ അക്ബർ നഗറിൽ 1,169 വീടുകളും 100ലധികം വാണിജ്യ കെട്ടിടങ്ങളും ഇടിച്ചു നിരത്തിയെന്ന് ഔദ്യോഗികമായി അറിയിച്ചത് ലക്നോ വികസന അതോറിറ്റിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷമാണ് ഇത് നടന്നത്. ഈദിന്റെ മൃഗബലിയുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട സംഭവങ്ങളിൽ ഡസൻ കണക്കിന് യുവാക്കൾ മധ്യപ്രദേശിൽ അറസ്റ്റിലായി. പതിനൊന്നോളം വീടുകൾ ഇടിച്ചു നിരത്തപ്പെട്ടു. പതിനായിരക്കണക്കിന് പാവപ്പെട്ട മനുഷ്യരുടെ കണ്ണീരിനും വ്യഥക്കും മുകളിൽ ആഡംബര ദന്തഗോപുരങ്ങളുടെ സുഖശീതളിമയിൽ ഫാസിസ്റ്റ് രാഷ്ട്രീയം പുതിയ ഉത്തരവുകളിൽ കൈയൊപ്പ് ചാർത്താനുള്ള ഒരുക്കങ്ങളിലാണ്.

നിയമം എന്ന പദം
ഇന്ത്യ പുരോഗമനാശയങ്ങളാൽ മുന്നോട്ടു നയിക്കപ്പെടുന്നു. പരിഷ്കൃത നയങ്ങൾ അതിന്റെ ഭാഗമാണ്. നിയമം മൂലം സ്ഥാപിതമായ ഭരണഘടനയും, നീതിന്യായ വ്യവസ്ഥയുമടക്കമുള്ള സാംസ്കാരിക ചൈതന്യം ഭാരതത്തെ പൊതിഞ്ഞു നിൽക്കുന്നു. അങ്ങനെയൊരു രാജ്യത്താണ് കേസുകളിൽ അകപ്പെട്ടാൽ പോലീസിനെയും കോടതിയെയും നോക്കുകുത്തിയാക്കി വീട് ഇടിച്ചു നിരത്തുന്നത്. സർക്കാറിനെതിരിൽ സംസാരിച്ചാൽ, സമരം ചെയ്താൽ ബുൾഡോസറുകൾ വീടിന് നേരെ വരുന്നു. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശമായ ഭരണഘടനയുടെ ആർട്ടിക്കിൾ 21നെ ബി ജെ പി സർക്കാറുകൾ നാണം കെടുത്തുന്നു. ജുഡീഷ്യറിക്ക് പൂജ്യം വില കൽപ്പിച്ച്, പൗരാവകാശവും നിഷേധിച്ച് ബുൾഡോസർ രാജിന് തുനിയുമ്പോൾ അന്ധകാര കാലഘട്ടത്തിലെ പ്രാകൃത രീതികളിലേക്ക് ഒരു പരിഷ്കൃത രാജ്യത്തെ ഇവർ തിരികെ നടത്തുകയാണ്.
2023 ആഗസ്റ്റിലാണ് ഹരിയാനയിലെ നൂഹിൽ 300ലധികം മുസ്്ലിം വീടുകളും കടകളും ആരാധനാലയങ്ങളും ഇടിച്ചു നിരത്തിയത്. അന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചോദിച്ചത് ഇത് വംശീയ ഉൻമൂലനമാണോ എന്നായിരുന്നു. വീടൊഴിപ്പിക്കുന്നതിന് മുമ്പ് നോട്ടീസ് നൽകി, ഹിയറിംഗ് നടത്തി, പരാതി കോടതിയിൽ ബോധിപ്പിക്കുന്ന പക്ഷം വിധിക്ക് കാത്തുനിന്ന് മാത്രമാണ് നടപടികൾ അന്തിമമാക്കേണ്ടത്. അതിന് പകരം പ്രതികാര പ്രസ്താവനകൾ മുഴക്കി, ബി ജെ പി അനുകൂലികളുടെ മുദ്രാവാക്യം വിളികളോടെ, ഉച്ചഭാഷിണിയിൽ ഗീതമാലപിച്ചാണ് നൂഹിലും 2023 ജൂലൈ 19ന് ഉജ്ജയിനിലുമൊക്കെ ബി ജെ പി ഭരണകൂടങ്ങൾ പാവപ്പെട്ട കുടുംബങ്ങളുടെ തലചായ്ക്കും ഇടങ്ങളെ അസ്ഥിപഞ്ജരമാക്കിയത്. അവരുടെ ജീവസന്ധാരണ മാർഗങ്ങളെ ഉൻമൂലനം ചെയ്തത്. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ ഗാംഗ്സ്റ്റർ ആക്ടും ദേശീയ സുരക്ഷാ നിയമവും പ്രയോഗിച്ച് 1000 കോടിക്ക് മേലുള്ള സ്വത്തുവകകൾ പിടിച്ചെടുത്തതായി യു പി ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം നടത്തിയതിന്റെ പേരിൽ നിരവധി വീടുകൾ യു പിയിൽ തകർത്തെറിഞ്ഞു. ജാവേദ് മുഹമ്മദിന്റെ വീടു തകർത്തതിനെതിരെ മകൾ അഫ്രീൻ ഫാത്വിമയുടെ പ്രതിഷേധം ദേശാന്തര ശ്രദ്ധ നേടി.

കോടതി ഉത്തരവുകളും നിരീക്ഷണങ്ങളും കാറ്റിൽ പറത്തിയാണ് ബി ജെ പി സംസ്ഥാനങ്ങൾ ബുൾഡോസർ പായിക്കുന്നത്. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആർ എം ചായ ഒരന്വേഷണം നിലവിലിരിക്കെ സർക്കാർ അന്യായ വിധി നടപ്പാക്കുന്നതിനെതിരെ ശക്തമായ ഭാഷയിൽ രംഗത്തുവന്നിരുന്നു. ഒരു സാഹചര്യത്തിലും വീടുകൾ തകർക്കപ്പെടുന്നില്ല എന്നുറപ്പാക്കാൻ സർക്കാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു. 2023 ജൂലൈ അവസാനവാരം സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗളും സുധാംശു ധൂലിയയും ബുൾഡോസർ രാജിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. അപക്സ് കോടതി സ്റ്റേക്കു ശേഷവും ജഹാംഗീർപുരി ഇടിച്ചു നിരത്തലുകൾ ഡൽഹി കോർപറേഷൻ തുടർന്നു. മിക്കയിടങ്ങളിലും കോടതി ഇടപെടലുകൾ വരും മുന്നേ തന്നെ ധ്വംസനങ്ങൾ പൂർത്തിയാക്കാൻ അധികൃതർ ഓവർടൈം ജോലി ചെയ്തു.

അന്താരാഷ്ട്ര ശ്രദ്ധ
അവർക്കെതിരെ ഉറച്ചു സംസാരിച്ചു തുടങ്ങിയാൽ നിങ്ങളുടെ വീടു തകർക്കപ്പെടും എന്ന് പറഞ്ഞത് ആംനസ്റ്റി ഇന്റർനാഷനലാണ്. യു പി, എം പി, അസം, ഗുജറാത്ത്, ഡൽഹി എന്നീ അഞ്ച് സംസ്ഥാനങ്ങളെ വാർഷിക റിപോർട്ടിൽ ആംനസ്റ്റി എടുത്തു പറഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശ ഉടമ്പടിയിൽ (ഐ സി എസ് സി ആർ) ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. ബുൾഡോസർ രാജിലൂടെ ഇന്ത്യ ചെയ്യുന്നത് ഉടമ്പടി ലംഘനമാണെന്ന ആരോപണം ആംനസ്റ്റി സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമർഡ് ഉയർത്തുന്നു. ജെ സി ബി യന്ത്രമാണ് ഇടിച്ചു നിരത്തൽ ആയുധം. ജോസഫ് സിറിൽ ബംഫർ എന്ന യു കെ കമ്പനിയാണ് ജെ സി ബി നിർമാതാക്കൾ. യു എൻ ഗൈഡിംഗ് പ്രിൻസിപ്പൽ ഓൺ ബിസിനസ്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് ചട്ടപ്രകാരം ആംനസ്റ്റിയും യു കെയിലെ മനുഷ്യാവകാശ സംഘടനകളും ജെ സി ബി കമ്പനിക്ക് നോട്ടീസയച്ചിരുന്നു. പതിനായിരക്കണക്കിന് മനുഷ്യരെ ജീവിതത്തിൽ നിന്ന് ആട്ടിയിറക്കാൻ കമ്പനിയുടെ ഉത്പന്നത്തെ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് കുറ്റാരോപണം. ഇന്ത്യയിലെ മൂന്നാം കക്ഷി ഡീലർമാർക്ക് വിപണനത്തിനുള്ള സ്വതന്ത്രാധികാരം നൽകിയ കരാർ മുൻനിർത്തിയാണ് ജെ സി ബി അഭിഭാഷകർ വിശദീകരണം നൽകിയത്. സ്വന്തം ജനതയെ തെരുവിലേക്ക് തല്ലിയിറക്കുമ്പോൾ മൂകസാക്ഷികളാവുന്ന ഇന്ത്യൻ പൊതു സമൂഹവും ക്രൂരതക്ക് ഉപയോഗിക്കുന്ന യന്ത്രം പല കൈ മറിഞ്ഞു പോയിട്ടും നിർമാതാക്കൾ ബ്രിട്ടീഷുകാരാണ് എന്നതിനാൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്ന ബ്രിട്ടീഷ് പൊതുബോധ ഔന്നത്യവും താരതമ്യം ചെയ്യുന്നത് നന്നാവും.

ആംഗ്ലോ – ഇസ്റാഈൽ ശൈലി
ഇടിച്ചു നിരത്തൽ ശൈലി ഇന്ത്യക്ക് ആദ്യമായി പരിചയപ്പെടുത്തിയത് ബ്രിട്ടീഷ് കൊളോണിയലിസമാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഹിന്ദുക്കളെയും മുസ്്ലിംകളെയും അവർ ഡൽഹിയിൽ നിന്ന് കൂട്ടം കൂട്ടമായി ആട്ടിപ്പായിച്ചു. 1858ൽ ഹിന്ദുക്കളെ തിരിച്ചുവരാൻ അനുവദിച്ചു. വർഷങ്ങൾക്ക് ശേഷം ഭാഗികമായി മുസ്്ലിംകളും തിരിച്ചെത്തി. ഇതിനിടയിൽ ഡൽഹിയിലെ മുഗൾ സ്മരണകൾ 80 ശതമാനവും ബ്രിട്ടീഷുകാർ പൊളിച്ചു നീക്കി. ആയിരക്കണക്കിന് വീടും കടകളും ഹവേലികളും പള്ളികളും സമ്പൂർണമായി തകർത്തു. സീനത്ത് അൽ മസ്ജിദടക്കം നിരവധി പുരാതന പള്ളികൾ ബേക്കറികളും ഗ്രോസറി ഷോപ്പുകളുമാക്കി. ഡൽഹി ജുമുഅ മസ്ജിദ് അടച്ചുപൂട്ടി. 1870ൽ ഷാജഹാനബാദിന്റെ പടിഞ്ഞാറൻ മതിലുകൾ പൊളിച്ചു റെയിൽ പണിതു. സമാനമായി 1948ന് ശേഷം 530 ഫലസ്തീൻ ഗ്രാമങ്ങളാണ് ഇസ്രയേൽ സമ്പൂർണമായി ഇടിച്ചു തകർത്തത്. വെസ്റ്റ് ബാങ്കും ജറൂസലേമും ഇതിന് പുറമെയാണ്. ബെൻഗുറിയോൻ വിമാനത്താവളം പൂർണമായും സ്ഥിതി ചെയ്യുന്നത് ഫലസ്തീൻ ജനതയെ ആട്ടിയിറക്കിയ മണ്ണിലാണ്.

സാമ്പത്തികമായി നശിപ്പിച്ച് തെരുവിൽ അലയാൻ വിടുകയും അതോടൊപ്പം പൈതൃകവും ചരിത്രവും നാമാവശേഷമാക്കുക യുമാണ് ബുൾഡോസർ രാജിന്റെ അടിസ്ഥാന രാഷ്ട്രീയം. ബുൾഡോസറിനെ രാഷ്ട്രീയ ചിഹ്നമാക്കി, ടാറ്റൂ കുത്തി, ബുൾഡോസർ ബാബമാരെ സൃഷ്ടിച്ചും വാഴ്ത്തിയുമാണ് ബി ജെ പി രാഷ്ട്രീയം പുരോഗമിക്കുന്നത്. ബാരാബങ്കിയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ മോദി പരസ്യമായി ഇതിനെ പ്രകീർത്തിച്ചു.
ജെ സി ബിയെ ജിഹാദി കൺട്രോൾ ബോർഡ് എന്ന് 2022 ഏപ്രിലിൽ വിശേഷിപ്പിച്ചത് ബി ജെ പി വക്താവ് ജി വി എൽ നരസിംഹറാവുവാണ്. പതിനായിരക്കണക്കിന് ദരിദ്ര മനുഷ്യരുടെ കണ്ണീരിനും രക്തത്തിനും മുകളിൽ വംശീയ രാഷ്ട്രീയത്തിന്റെ ഇഷ്ടിക പടുക്കുന്നവർക്കെതിരെ മാനവികതയുടെ പൊതുബോധം രാഷ്ട്രീയാതീതമായി ഇന്ത്യയിൽ ഉയർന്നു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.