Connect with us

National

രാജ്യം വിടുംമുമ്പ് ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്; എല്ലാത്തിനും പിന്നിൽ അമേരിക്ക

രാജ്യത്ത് മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താന്‍ രാജിവെച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ധാക്കയിലെ വസതിയില്‍ നിന്ന് പലായനം ചെയ്യുന്നതിന് മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. ഷെയ്ഖ് ഹസീനയുമായി ബന്ധമുള്ള  അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചത്. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കാനും കൂടിയാണ് പ്രസംഗം തയ്യാറാക്കിയിരുന്നത്.എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അവര്‍ക്ക് ജനങ്ങളെ അഭിസംബോധന ചെയ്യാതെ ബംഗ്ലാദേശ് വിടേണ്ടിവരികയായിരുന്നു.

ബംഗ്ലാദേശില്‍ നടന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്നാണ് പ്രസംഗത്തില്‍ ഹസീന പറയുന്നത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാകാന്‍ അമേരിക്ക ഗൂഢാലോചന നടത്തി.രാജ്യത്ത് മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താന്‍ രാജിവെച്ചത്.വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്‍ന്മേല്‍ ചവിട്ടി അധികാരത്തിലേറാനാണ് അവര്‍ ആഗ്രഹിച്ചത്.എന്നാല്‍ ഞാന്‍ അത് അനുവദിച്ചില്ല. ഞാന്‍ പ്രധാനമന്ത്രിപദം രാജിവെച്ചു.

സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അടിയറവെക്കുകയും അമേരിക്കയെ ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു.എന്റെ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ് തീവ്രവാദികളാല്‍ തെറ്റിദ്ധരിക്കപ്പെടരുത്.ഒരു പക്ഷെ
ഞാന്‍ രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ പൊലിഞ്ഞേനെ. ഞാന്‍ സ്വയം മാറുകയാണ്.നിങ്ങളായിരുന്നു എന്റെ ശക്തി, ഇപ്പോള്‍ നിങ്ങള്‍ക്ക് എന്നെ വേണ്ടാതായിരിക്കുന്നു.അതിനാല്‍ ഞാന്‍ പോകുന്നുവെന്നുമാണ് ഹസീനയുടെ പ്രസംഗത്തില്‍ പറയുന്നത്.

അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവെടിയരുതെന്നും തിരിച്ചടി നേരിട്ടപ്പോഴെല്ലാം
അവാമി ലീഗ് ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. ഞാന്‍ ഉടന്‍ തിരിച്ചുവരും.താന്‍ പരാജയപ്പെട്ടെങ്കിലും ബംഗ്ലാദേശിലെ ജനങ്ങള്‍ വിജയിച്ചെന്നും പ്രസംഗത്തില്‍ ഹസീന പറയുന്നു.

അഞ്ച് തവണ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനക്ക് രാജ്യത്തെ തൊഴില്‍ സംവരണത്തെ ചൊല്ലിയുള്ള പ്രക്ഷോഭത്തില്‍ കാലിടറിയാണ് രാജിവെക്കേണ്ടി വന്നത്. അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ 400ലധികം പേര്‍ മരിച്ചിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തിയതിനു പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച്‌  ഹസീന ഇന്ത്യയിലേക്കാണ് എത്തിയത്. ഇന്ത്യയിൽ നിന്ന്‌ ലണ്ടനിലേക്ക്‌ പോകാനായിരുന്നു ഹസീനയുടെ തീരുമാനമെങ്കിലും ബ്രിട്ടൺ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന്‌ ഹസീന ഇന്ത്യയിൽ തുടരുകയാണ്‌.