Connect with us

Articles

ട്രാക്ക് തെറ്റിയോടുന്ന കായികാധ്യാപന രംഗം

കേരള എജ്യുക്കേഷന്‍ ആന്‍ഡ് റൂള്‍സ് ആക്ടില്‍ കായികാധ്യാപകരുടെ നിയമനം, ഉത്തരവാദിത്വങ്ങള്‍ എന്നിവയില്‍ കാലോചിതമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് മുറവിളി ഉയര്‍ന്നിട്ട് കാലമേറെയായി. അരനൂറ്റാണ്ടിനപ്പുറത്തെ മാനദണ്ഡത്തിലാണ് അതിപ്പോള്‍ ചലിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളില്‍ ശാരീരികവും ബൗദ്ധികവുമായ വികാസങ്ങള്‍ സംഭവിക്കുന്ന കാലഘട്ടത്തില്‍ സ്‌കൂളുകളിലെ കായിക വിദ്യാഭ്യാസം ഇത്തരത്തില്‍ താളം തെറ്റുന്നത് അവരുടെ ആരോഗ്യത്തെയാണ് ആത്യന്തികമായി ബാധിക്കുന്നത്.

Published

|

Last Updated

പാരീസില്‍ കായിക മാമാങ്കത്തിന് കൊടിയേറി. ഇന്ത്യയുടെ പ്രാതിനിധ്യം എന്നും നാമമാത്രമാണ്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നമുക്ക് എന്തുകൊണ്ടാണ് കായിക ഭൂപടത്തില്‍ കാര്യമായി ഒന്നും നേടാനാകാതെ പോകുന്നത്? ഇതിനുത്തരം, പ്രധാനമായും നാം കായിക മേഖലയോട് കാണിക്കുന്ന അവഗണന തന്നെയാണ്.

നമ്മുടെ വിദ്യാഭ്യാസരീതിയുടെ വിരോധാഭാസം കാണണമെങ്കില്‍ കായികാധ്യാപനത്തിന്റെ കാര്യമെടുത്താല്‍ മതിയാകും. സ്‌കൂളുകളിലെ കായിക പഠനത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരള എജ്യുക്കേഷന്‍ ആന്‍ഡ് റൂള്‍സ് ആക്ടില്‍ കായികാധ്യാപകരുടെ നിയമനം, ഉത്തരവാദിത്വങ്ങള്‍ എന്നിവയില്‍ കാലോചിതമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് മുറവിളി ഉയര്‍ന്നിട്ട് കാലമേറെയായി. അരനൂറ്റാണ്ടിനപ്പുറത്തെ മാനദണ്ഡത്തിലാണ് അതിപ്പോള്‍ ചലിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളില്‍ ശാരീരികവും ബൗദ്ധികവുമായ വികാസങ്ങള്‍ സംഭവിക്കുന്ന കാലഘട്ടത്തില്‍ സ്‌കൂളുകളിലെ കായിക വിദ്യാഭ്യാസം ഇത്തരത്തില്‍ താളം തെറ്റുന്നത് അവരുടെ ആരോഗ്യത്തെയാണ് ആത്യന്തികമായി ബാധിക്കുന്നത്.

പുതുക്കാത്ത മാനദണ്ഡങ്ങള്‍
യു പി സ്‌കൂളില്‍ 500 വിദ്യാര്‍ഥികള്‍ക്ക് ഒരാള്‍, ഹൈസ്‌കൂളില്‍ എട്ട്, ഒമ്പത് ക്ലാസ്സുകളിലായി 45 കുട്ടികളുള്ള അഞ്ച് ഡിവിഷനുകള്‍ക്ക് ഒരാള്‍ എന്ന നിലയിലാണ് സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തികകള്‍ അനുവദിക്കുന്നത്. ഇതുപ്രകാരം നോക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പലയിടത്തും അധ്യാപകരെ കിട്ടാതെ വരുന്നുണ്ട്. സംസ്ഥാനത്ത് എല്ലാ മേഖലയിലുമായി ആകെ ആയിരത്തിഎണ്ണൂറില്‍ താഴെ കായികാധ്യാപകരാണുള്ളത്. ഇവരില്‍ എപ്പോള്‍ പടിയിറങ്ങണമെന്ന ആശങ്കയിലാണ് പലരും.

കായികാധ്യാപനം പേരിനുമാത്രം
സ്‌കൂളുകളില്‍ പേരിനുമാത്രം കായികാധ്യാപനം നല്‍കുമ്പോള്‍ അത് അവരുടെ ജോലിക്കപ്പുറം ഏതുതരത്തിലാണ് കുട്ടികളെയും സമൂഹത്തെയും ബാധിക്കുന്നത്? ഇതെല്ലാം പരോക്ഷമായി ചെന്നുനില്‍ക്കുന്നത് നമ്മുടെയൊക്കെ ജീവിതശൈലീ രോഗങ്ങളിലും പൊതുവില്‍ ഇന്ന് നാമനുഭവിക്കുന്ന വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലുമാണ്. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം കൂടുതലായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിലൂടെ നാം ആര്‍ജിക്കേണ്ട വ്യക്തിപരവും സാമൂഹികവുമായ ആരോഗ്യം ഏറെ പ്രാധാനപ്പെട്ട കാര്യവുമാണ്.

കായികക്ഷമത എന്നത് കായിക താരങ്ങള്‍ക്ക് മാത്രം ആവശ്യമുള്ള കാര്യമാണ് എന്നും മറ്റുള്ളവര്‍ക്ക് കായികക്ഷമത ആവശ്യമില്ല എന്നുമുള്ള ധാരണ നമുക്കിടയില്‍ വേരൂന്നിയിട്ട് കാലം ഏറെയായി. അതുകൊണ്ട് തന്നെ സ്‌കൂളുകളില്‍ അതിന്റെ പ്രാധാന്യം കുറയുകയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പോലും പ്രോത്സാഹനം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. പഠിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് സ്‌കൂളുകള്‍ എന്നും കായികമായ അഭിരുചിയുള്ളവര്‍ക്ക് സ്‌കൂള്‍ പഠനത്തിനുശേഷം വേണമെങ്കില്‍ അതാകാം എന്നുമാണ് അധ്യാപകരും രക്ഷാകര്‍ത്താക്കളും കുട്ടികളോട് പറഞ്ഞുകൊടുക്കാറുള്ളത്. പക്ഷേ, കായികക്ഷമത എന്നത് ചെറുപ്രായം മുതല്‍ തന്നെ മെല്ലെ വളര്‍ത്തിക്കൊണ്ടുവരേണ്ട ഒന്നാണെന്നും, അതുവഴി കുഞ്ഞുങ്ങള്‍ക്ക് ശോഭനമായ ഒരു കരിയര്‍ തന്നെ കരസ്ഥമാക്കാമെന്നുമുള്ള വീണ്ടുവിചാരം അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഇല്ലാതെ പോകുന്നു.

വിഭവങ്ങളുടെ കലവറ
നമ്മുടെ സ്‌കൂളുകള്‍ വിലപ്പെട്ട വിഭവങ്ങളുടെ കലവറയാണ്. പഠനപരമായും കലാപരമായും കായികപരമായും മികച്ച തലച്ചോറുകളുടെയും കഴിവുകളുടെയും കായികമായ ശേഷിയുടെയും ഒക്കെ റിസര്‍വോയര്‍. കുട്ടികളുടെ കായികപരമായ കഴിവുകള്‍ ആദ്യം കണ്ടുതുടങ്ങുന്നത് അവര്‍ കൂട്ടുകാരുമൊത്ത് കളിക്കുമ്പോഴാണ്. ദിവസത്തില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഫിസിക്കല്‍ ട്രൈനിംഗ് പിരീഡുകളില്‍ കുട്ടികള്‍ അവര്‍ പോലുമറിയാതെ ഉയര്‍ന്ന കായികക്ഷമത പ്രകടിപ്പിക്കാറുണ്ട്. കൂടെയുള്ള കുട്ടികള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. പക്ഷേ, ഒരു മികച്ച കായികാധ്യാപകന് അത്തരം കഴിവുകള്‍ തിരിച്ചറിയാനാകും. തിരിച്ചറിഞ്ഞതുകൊണ്ട് മാത്രം ഒരു കുട്ടിക്കും മികച്ച ഒരു കായിക താരമായി ഉയര്‍ന്നുവരാനാകില്ല. അത് പരിപോഷിപ്പിക്കുന്നതിനുള്ള അവസരം കൂടി അവര്‍ക്ക് നല്‍കേണ്ടതുണ്ട്.

കേരളത്തിലെ 45 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും കായികാധ്യാപകരില്ല. ചിലയിടങ്ങളില്‍ താത്കാലികമായി അധ്യാപകര്‍ ഉണ്ടെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നില്ല. എല്‍ പി, വി എച്ച് എസ് ഇ തലങ്ങളില്‍ പൂര്‍ണമായും കായികാധ്യാപകര്‍ ഇല്ലാത്ത അവസ്ഥയാണ്. ഇവിടങ്ങളില്‍ ഫിസിക്കല്‍ ട്രൈനിംഗിനും കായികയിനങ്ങള്‍ക്കും യാതൊരു പ്രാധാന്യവും ലഭിക്കാറുമില്ല. അധ്യാപകര്‍ ഉള്ളയിടത്തുതന്നെ അവര്‍ക്ക് സ്‌കൂളിലെ മറ്റു പല ജോലികളും നല്‍കി കായിക പരിശീലനത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.

കളിസ്ഥലങ്ങളുടെ വലിപ്പം
സ്‌കൂളുകളിലെ കളിസ്ഥലങ്ങളുടെ വലിപ്പവും അവസ്ഥയും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒട്ടുമിക്ക സ്‌കൂളുകളിലും അവിടുത്തെ കുട്ടികളുടെ അനുപാതത്തിന് അനുസരിച്ച് കളിസ്ഥലങ്ങള്‍ ഇല്ല. കേരളത്തിലെ ഒരു സ്‌കൂളിലും 200 മീറ്റര്‍ ട്രാക്ക് നേരെ വരക്കാന്‍ കഴിയുന്ന തരത്തില്‍ വലിപ്പമുള്ള കളിസ്ഥലം ഇല്ല എന്നതാണ് നേര്. കളിസ്ഥലങ്ങള്‍ പലതും കൃത്യമായി ഉപയോഗപ്പെടുത്താതെ പോകുകയും ചെയ്യുന്നു.

ദേശീയതലത്തില്‍ മത്സരങ്ങളോ അത്ലറ്റിക്സോ നടത്തണമെങ്കില്‍ പോലും വിരലിലെണ്ണാവുന്ന ഗ്രൗണ്ടുകളെ മാത്രം ആശ്രയിക്കേണ്ടിവരുന്നു. സ്‌കൂളുകളില്‍ കളിസ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അവിടെ പരിശീലിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് മറ്റുള്ള സംസ്ഥാനങ്ങളില്‍ മത്സരത്തിനുപോകുമ്പോള്‍ മാറ്റുരക്കേണ്ടി വരുന്നത് സിന്തറ്റിക് ട്രാക്കുകളിലും ടര്‍ഫ് ഗ്രൗണ്ടുകളിലുമാണ്. മണ്ണിലും കല്ലിലും മാത്രം കളിച്ചു പരിചയമുള്ള കുട്ടികള്‍ അവിടെ പരാജയപ്പെടുന്നു. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയാണെന്ന് പറയേണ്ടിവരുന്നത് ഒഡിഷ പോലെയുള്ള സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നിലവാരമേറിയ എണ്ണമറ്റ കളിസ്ഥലങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ്. അത് ഒരര്‍ഥത്തില്‍ ഫലം കാണുകയും അവിടെ നിന്ന് ധാരാളം പ്രതിഭാധനരായ കായിക താരങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്.

മറ്റു ക്ലാസ്സുകളില്‍ പേരിനെങ്കിലും കായിക വിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കിലും പത്താം ക്ലാസ്സ് പോലെ പൊതുപരീക്ഷകള്‍ നടക്കുന്ന ക്ലാസ്സുകളില്‍ പേരിനുപോലും കായിക പരിശീലനമോ അതിനായി പിരീഡുകള്‍ മാറ്റിവെക്കുകയോ ഇല്ല. അങ്ങനെ താത്പര്യമുണ്ടെങ്കില്‍ പോലും കുട്ടികള്‍ക്ക് കായിക രംഗങ്ങളിലേക്ക് തിരിയാന്‍ കഴിയാത്ത അവസ്ഥയാണ് പാഠ്യപദ്ധതിയില്‍ ഉള്ളത്.

കായികയിനങ്ങളില്‍ താത്പര്യമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ പോലും അവര്‍ക്ക് അത് പരിപോഷിപ്പിക്കുന്നതിനുള്ള അവസരങ്ങളും നമ്മുടെ സ്‌കൂളുകളില്‍ ലഭ്യമല്ല. അവര്‍ ഇങ്ങോട്ടു തേടി വരികയല്ല വേണ്ടത്, നാം അങ്ങോട്ട് അവരെ തേടി ചെല്ലുകയാണ് വേണ്ടത്. അങ്ങനെ ആണെങ്കില്‍ മാത്രമേ കഴിവുള്ള കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവിനെ പരിപോഷിപ്പിക്കാനും അതുവഴി ശക്തമായ ഒരു കായിക സംസ്‌കാരം കെട്ടിപ്പടുക്കാനും നമുക്ക് കഴിയുകയുള്ളൂ.

വിവരസാങ്കേതികവിദ്യ
കേരളത്തില്‍ കായിക പഠനത്തിന് പ്രാധാന്യം കുറഞ്ഞതില്‍ വിവരസാങ്കേതിക രംഗത്തെ കുതിച്ചുചാട്ടത്തിനും വലിയ പങ്കുണ്ട്. കമ്പ്യൂട്ടറിനു മുമ്പില്‍ മാത്രം ഇരുന്നുകൊണ്ട് പണിയെടുക്കേണ്ട തൊഴിലിന് എന്തിനാണ് കായികക്ഷമതയെന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം നല്‍കാനാകില്ല. എന്നാല്‍ അത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പഠനങ്ങളും ഉണ്ട്. വ്യായാമം ഇല്ലാതെ, ജങ്ക് ആഹാരങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്ന യുവത്വം ഇന്ന് സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്ക് കൂടി ഒപ്പമാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വലുതാകുമ്പോള്‍ എന്താകാനാണ് ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ ഒരു കായിക താരമാകണമെന്ന് പറയുന്നവര്‍ വളരെ വിരളമാണ്. അങ്ങനെയൊരു ആഗ്രഹം അവരുടെ മനസ്സില്‍ ഉണ്ടെങ്കില്‍ പോലും അതിനെ നിരുത്സാഹപ്പെടുത്താനാകും രക്ഷാകര്‍ത്താക്കളുടെ ശ്രമവും. ഇത്തരത്തില്‍ ഒരു സംസ്‌കാരം നമ്മില്‍ നിലനില്‍ക്കുമ്പോള്‍ കായികരംഗത്തേക്ക് കടന്നുവരാന്‍ ആര്‍ക്കാണ് താത്പര്യമുണ്ടാകുക. ആര്‍ക്കാണ് ധൈര്യമുണ്ടാകുക. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ എന്ന് പറയാറുണ്ട്. നല്ലത് ചിന്തിക്കണമെങ്കില്‍ നമ്മുടെ ശരീരവും അതുവഴി മനസ്സും പൂര്‍ണ ആരോഗ്യത്തോടെ നിലനില്‍ക്കണം. അതിനുവേണ്ടി സ്‌കൂളുകളില്‍ കായിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണം. കേരളത്തെ കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തുക എന്നത് മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മുഴുവന്‍ വിദ്യാര്‍ഥികളുടെയും ആരോഗ്യവും സംരക്ഷിക്കപ്പെടണം. കൂടുതല്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പരിശീലനങ്ങളും സൗകര്യങ്ങളും പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കുകയും വേണം.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസ്സിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest