Connect with us

Editorial

ചാരക്കേസ്: കെട്ടഴിഞ്ഞ് പോലീസ് കെട്ടുകഥകള്‍

കള്ളക്കേസുകള്‍ ചുമത്തുന്നതില്‍ പോലീസിലെ ക്രിമിനലുകള്‍ക്കുള്ള വൈദഗ്ധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ചാരക്കേസിലെ സി ബി ഐ റിപോര്‍ട്ട്. നമ്പി നാരായണന്റെ മുപ്പത് വര്‍ഷം നീണ്ട, നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിയമ പോരാട്ടമാണ് ഈ കേസിലെ കള്ളക്കളികള്‍ പുറത്തുകൊണ്ടു വന്നത്.

Published

|

Last Updated

പോലീസിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ഉന്നതര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിച്ച സി ബി ഐ സംഘം ചുമത്തിയിരിക്കുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന എസ് വിജയനാണ് ഐ എസ് ആര്‍ ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്നും ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ തെളിവുകളില്ലാതെയാണ് സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സി ബി ഐ ഡല്‍ഹി യൂനിറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

വിജയനും സിബി മാത്യൂസിനും പുറമെ മുന്‍ ഡി ജി പി. ആര്‍ ബി ശ്രീകുമാര്‍, സി ഐ. കെ കെ ജോഷ്വാ, ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി) ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരെക്കൂടി പ്രതിചേര്‍ത്ത് രണ്ടാഴ്ച മുമ്പാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വ്യാജ തെളിവുകളുണ്ടാക്കല്‍, ഇതിനായി അന്യായമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

വിസയുടെ കാലാവധി കഴിഞ്ഞിട്ടും മാലി വനിത മര്‍യം റശീദ കേരളത്തില്‍ തങ്ങിയെന്ന പേരില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തതാണ് ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ തുടക്കം. വിജയന്‍ ലൈംഗികാതിക്രമത്തിനു ശ്രമിച്ചപ്പോള്‍ മര്‍യം റശീദ സമ്മതിക്കാതിരുന്നതിലുള്ള പ്രതികാരമായാണ് വഞ്ചിയൂര്‍ പോലീസിനെക്കൊണ്ട് കേസെടുപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം മര്‍യം റശീദക്കൊപ്പമുണ്ടായിരുന്ന മാലി വനിത ഫൗസിയ ഹസന്‍ 2021 ജൂലൈയില്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് മര്‍യം റശീദ താമസിച്ച ഹോട്ടല്‍ മുറിയിലെത്തിയാണ് വിജയന്‍ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നത്. അന്നേരം മര്‍യം റഷീദ വിജയനെ റൂമില്‍ നിന്ന് അടിച്ചു പുറത്താക്കുകയായിരുന്നുവെന്നും സംഭവത്തിന് താന്‍ സാക്ഷിയായിരുന്നുവെന്നും ഫൗസിയ ഹസന്‍ മൊഴി നല്‍കി.

1994ല്‍ കുട്ടികളെ ബാംഗ്ലൂര്‍ സ്‌കൂളില്‍ ചേര്‍ക്കാനാണ് മര്‍യം റഷീദയും ഫൗസിയ ഹസനും കേരളത്തിലെത്തിയതും തിരുവനന്തപുരത്ത് തങ്ങിയതും. അന്ന് ഫ്‌ളൂ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മാലദ്വീപിലേക്കുള്ള വിമാനം റദ്ദാക്കി. ഇതേത്തുടര്‍ന്ന് വിസയുടെ കാലാവധി അവസാനിച്ച മര്‍യം റഷീദ, കാലാവധി നീട്ടിക്കിട്ടുന്നതിന് 1994 ഒക്ടോബര്‍ രണ്ടിന് ഫോറിന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ ചെന്നു. ഈ അവസരം മുതലെടുത്ത് മര്‍യം റഷീദയുടെ പാസ്സ്പോര്‍ട്ടും എയര്‍ടിക്കറ്റുകളും കൈക്കലാക്കിയ വിജയന്‍ തന്റെ ലൈംഗിക താത്പര്യത്തിന് അവരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഫൗസിയ ഹസന്റെ മൊഴിയിലുണ്ട്. ഈ മൊഴിയെ ബലപ്പെടുത്തുന്നതാണ് സി ബി ഐ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം.

മര്‍യം റഷീദക്കെതിരെ ആദ്യം ചുമത്തിയ കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ വരികയും അവരുടെ കസ്റ്റഡി അവസാനിക്കാറാകുകയും ചെയ്തപ്പോള്‍, കസ്റ്റഡി നീട്ടിക്കിട്ടുന്നതിനാണ് പിന്നീട് എസ് ഐ ആര്‍ ഒ ചാരക്കേസ് സൃഷ്ടിച്ചത്. ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ സ്വാധീനിച്ച് മര്‍യം ക്രയോജനിക് സാങ്കേതിക വിദ്യ കൈക്കലാക്കി പാകിസ്താന് ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു ചാരക്കേസിലെ കുറ്റപത്രം. നമ്പി നാരായണനും താനും തമ്മില്‍ യാതൊരു പരിചയവുമില്ലായിരുന്നു, നമ്പി നാരായണന്റെ പേര് ഒരു പേപ്പറില്‍ എഴുതിക്കാണിച്ച് തന്നെക്കൊണ്ടത് വായിപ്പിച്ചാണ് കുറ്റപത്രം റെക്കോര്‍ഡ് ചെയ്തതെന്ന് മര്‍യം റഷീദ വെളിപ്പെടുത്തിയിട്ടുണ്ട്. 1994ല്‍ ഇന്ത്യ ക്രയോജനിക് റോക്കറ്റ് എന്‍ജിന്‍ സാങ്കേതിക വിദ്യ കൈവശമാക്കിയിരുന്നില്ലെന്ന് ഐ എസ് ആര്‍ ഒ മേധാവി, സി ബി ഐക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാനായി 2018 സെപ്തംബറില്‍ സുപ്രീം കോടതി നിയോഗിച്ച ജയിന്‍ കമ്മിറ്റി, കേസില്‍ ഗൂഢാലോചന കണ്ടെത്തുകയും കേസ് സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം സി ബി ഐ ഡല്‍ഹി യൂനിറ്റിനെ ഏല്‍പ്പിച്ചത്. സി ബി ഐ സംഘം മാസങ്ങളോളം തിരുവനന്തപുരത്ത് തങ്ങിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 1984-95 കാലത്ത് ചാരക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരും സിബി മാത്യൂസിന്റെയും ആര്‍ ബി ശ്രീകുമാറിന്റെയും സുഹൃത്തുക്കളും ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥരുമുള്‍പ്പെടെ അമ്പതോളം പേരുടെ മൊഴിയെടുത്ത ശേഷമാണ് സി ബി ഐ അന്തിമ റിപോര്‍ട്ട് തയ്യാറാക്കിയത്.

കേരള രാഷ്ട്രീയത്തിലും വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചതാണ് ഐ എസ് ആര്‍ ഒ ചാരക്കേസ്. അന്നത്തെ ദക്ഷിണ മേഖലാ ഐ ജിയും മുഖ്യമന്ത്രി കരുണാകരന്റെ വലംകൈയുമായിരുന്ന രമണ്‍ ശ്രീവാസ്തവയുടെ പേര് കേസില്‍ ഉയര്‍ന്നു വന്നു. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ ശ്രീധരനും ജസ്റ്റിസ് ബി എന്‍ പട്‌നായിക്കും അടങ്ങുന്ന ഹൈക്കോടതി ബഞ്ച് നടത്തിയ കടുത്ത പരാമര്‍ശമാണ് കേസിന് രാഷ്ട്രീയമാനം വരാനിടയാക്കിയത്. കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ കരുണാകരന്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇതോടെ രാജ്യവിരുദ്ധനായ ശ്രീവാസ്തവയെ മുഖ്യമന്ത്രി കരുണാകരന്‍ രക്ഷിക്കുന്നുവെന്ന ആരോപണവുമായി ഇടതുപക്ഷം മാത്രമല്ല, കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും രംഗത്തുവന്നു. കരുണാകരന് മുഖ്യമന്ത്രിപദം വിട്ടൊഴിയേണ്ടി വന്നത് ഈ പശ്ചാത്തലത്തിലാണ.്

കള്ളക്കേസുകള്‍ ചുമത്തുന്നതില്‍ പോലീസിലെ ക്രിമിനലുകള്‍ക്കുള്ള വൈദഗ്ധ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ചാരക്കേസിലെ സി ബി ഐ റിപോര്‍ട്ട്. നമ്പി നാരായണന്റെ മുപ്പത് വര്‍ഷം നീണ്ട, നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിയമ പോരാട്ടമാണ് ഈ കേസിലെ കള്ളക്കളികള്‍ പുറത്തു കൊണ്ടുവന്നത്. ഇവ്വിധം കേസ് നടത്താനാകാതെ ജയിലുകളില്‍ ജീവിതം തളച്ചിടപ്പെട്ടവരും സമൂഹത്തിനിടയില്‍ അപരാധികളായി മുദ്രയടിക്കപ്പെട്ടവരുമായ എത്രയെത്ര നിരപരാധികളുണ്ട് ഇനിയും രാജ്യത്ത്.

Latest