sahityolsav 22
എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച തുടക്കമാകും
12 ഡിവിഷനുകളിൽ നിന്നുള്ള 2,000ൽ പരം പ്രതിഭകൾ 140 മത്സര ഇനങ്ങളിൽ മാറ്റുരക്കും

നിലമ്പൂർ | എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന് വെള്ളിയാഴ്ച നിലമ്പൂരിൽ തുടക്കമാകും. മെയ് മാസം കാൽ ലക്ഷം ഫാമിലി സാഹിത്യോത്സവുകളോടെ തുടങ്ങി 1,200 ബ്ലോക്ക്, 750 യൂനിറ്റ്, 82 സെക്ടർ, 40 കാമ്പസ്, 12 ഡിവിഷൻ സാഹിത്യോത്സവുകൾക്ക് ശേഷമാണ് പ്രതിഭകൾ മാറ്റുരക്കാനെത്തുന്നത്. വെള്ളി വൈകിട്ട് 4.30ന് സ്വാഗത സംഘം ചെയർമാൻ കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി പതാക ഉയർത്തും. നഗരിയിൽ സജ്ജീകരിച്ച ഐ പി ബി ബുക്ക് ഫെയർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്യും. അഞ്ചിന് ‘സാംസ്കാരിക ഭൂപടത്തിൽ ഇന്ത്യൻ മുസ്‌ലിംകൾ എവിടെയായിരിന്നു ‘ എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം മേധാവി ഡോ.പി ശിവദാസൻ, ചേറൂർ അബ്ദുല്ല മുസ്ലിയാർ, യൂസുഫലി സഖാഫി, ശാഹിദ് മുനീർ പങ്കെടുക്കുന്ന ചർച്ചാ സംഗമമുണ്ടാകും. ഏഴിന് സമസ്ത സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി ആത്മീയ പ്രഭാഷണം നടത്തും.
ശനിയാഴ്ച രാവിലെ 10 മുതൽ 11 വേദികളിലായി 2,000 പ്രതിഭകൾ 140 ഇനം മത്സരങ്ങളിൽ മാറ്റുരക്കും. 3.30ന് ‘വെറുപ്പിന്റെ കാലത്ത് സൗഹൃദത്തിന്റെ കരുതൽ ‘ എന്ന ശീർഷകത്തിൽ എം.ടി കൃതികളുടെ പുനർവായന സാഹിത്യ ചർച്ച നടക്കും. മലയാളം സർവകലാശാല വി സി ഡോ. അനിൽ വള്ളത്തോൾ, പ്രവാസി രിസാല എഡിറ്റർ ടി എ അലി അക്ബർ, നിലമ്പൂർ അമൽ കോളേജ് അസി.പ്രൊഫസർ മുനീർ അഗ്രഗാമി, മുഷ്താഖ് സഖാഫി വടക്കുമുറി, ടി എം ശുഐബ് സംസാരിക്കും. അഞ്ചിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സി എൻ ജഅഫർ സ്വാദിഖ് സന്ദേശ പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് സി കെ ശാക്കിർ സിദ്ദീഖി അധ്യക്ഷനാകും. പി വി അബ്ദുൽ വഹാബ് എം പി, പി വി അൻവർ എം എൽ എ വിശിഷ്ടാതിഥികളാകും. വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, ആര്യാടൻ ശൗക്കത്ത് , മിഖ്ദാദ് ബാഖവി, റഹ്മത്തുല്ല സഖാഫി എളമരം, മുഹമ്മദ് ശരീഫ് നിസാമി, മുസ്തഫ കോഡൂർ, സീഫോർത്ത് അബ്ദുർറഹ്മാൻ ദാരിമി, ഹസൈനാർ സഖാഫി കുട്ടശ്ശേരി, അസീസ് ഹാജി പുളിക്കൽ, കെ തജ്മൽ ഹുസൈൻ, പി കെ അബ്ദുല്ല സംസാരിക്കും.
ഞായറാഴ്ച രാവിലെ 11ന് ‘കാലം ഭാഷ ‘ സംവാദത്തിൽ കെ ഇ എൻ കുഞ്ഞഹമ്മദ്, വിമീഷ് മണിയൂർ, ലുഖ്മാൻ കരുവാരക്കുണ്ട് , സൽമാൻ സിദ്ദീഖി, സി പി ഉസാമത്ത് സംസാരിക്കും. നാലിന് സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി അധ്യക്ഷത വഹിക്കും. എ മുഹമ്മദ് പറവൂർ, എം അബ്ദുർറഹ്മാൻ അനുമോദന പ്രഭാഷണം നടത്തും. അലവി സഖാഫി കൊളത്തൂർ, അശ്റഫ് മുസ്ലിയാർ കാരക്കുന്ന്, കെ പി ജമാൽ കരുളായി, വി പി എം ഇസ്ഹാഖ്, കെ പി അനസ്, സി എ അൻവർ സംസാരിക്കും.
നാടും നഗരവും കീഴടക്കി പാട്ടുവണ്ടി
ജില്ലാ സാഹിത്യോത്സവിന്റെ സന്ദേശമറിയിച്ച് സഞ്ചരിച്ച പാട്ടുവണ്ടിക്ക് വിവിധ പ്രദേശങ്ങളിൽ ഉജ്വല വരവേൽപ്പ്. മലയോര നാട്ടിൽ വിരുന്നെത്തിയ സാഹിത്യോത്സവിന്റെ വൈവിധ്യമാർന്ന പ്രചാരണങ്ങളുടെ അവസാനഘട്ടമായിരുന്നു പാട്ടുവണ്ടി. സ്വത്വവും മൂല്യവും മറന്ന പുതിയകാല മാപ്പിളപ്പാട്ടുകൾക്കും റിയാലിറ്റി ഷോകൾക്കും ചരിത്ര വഴികളിൽ നിന്ന് പരിഹാരം സമർപ്പിക്കുകയായിരുന്നു മാപ്പിളപ്പാട്ടുകളും മദ്ഹ് ഗാനങ്ങളും പ്രഭാഷണങ്ങളുമായി പാട്ടുവണ്ടി.
അബ്ദുർറശീദ് സഖാഫി പത്തപ്പിരിയം പാട്ടുവണ്ടിയുടെ ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചു. കരുളായി പള്ളിക്കുന്ന് മഖാം സിയാറത്തോടെ ആരംഭിച്ച ഈസ്റ്റ് മേഖല പ്രയാണത്തിന് ഡിവിഷൻ പ്രസിഡന്റ് ഹാരിസ് സഖാഫിയും എടവണ്ണ പത്തപ്പിരിയത്ത് നിന്ന് ആരംഭിച്ച വെസ്റ്റ് മേഖല യാത്രക്ക് ജന. സെക്രട്ടറി ശഫീഖ് തുവ്വക്കാടും നേതൃത്വം നൽകി. സാഹിത്യോത്സവ് സന്നദ്ധ സംഘമായ ടീം എൻകോറും സാഹിത്യോത്സവ് പ്രതിഭകളുമായിരുന്നു അംഗങ്ങൾ.