ssf samvidhaan yathra
എസ് എസ് എഫ് സംവിധാൻ യാത്ര സ്വീകരണ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു.

അരീക്കോട് | എസ് എസ് എഫ് ദേശീയ കമ്മിറ്റിക്ക് കീഴിൽ നടക്കുന്ന സംവിധാൻ യാത്രക്ക് കേരളത്തിൽ നൽകിയ സ്വീകരണ സമ്മേളനം സമാപിച്ചു. അരീക്കോട് നടന്ന സ്വീകരണ സമ്മേളനം സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി യാത്രയെ അഭിസംബോധന ചെയ്തു. പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, ജന. സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, ഫിനാൻസ് സെക്രട്ടറി സുഹൈറുദ്ദീൻ നൂറാനി വെസ്റ്റ് ബംഗാൾ, സി മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, മജീദ് കക്കാട്, ഫിർദൗസ് സുറൈജി സഖാഫി, സി ആർ കെ മുഹമ്മദ് സംസാരിച്ചു. കേരളത്തിലെ സ്വീകരണത്തിന് ശേഷം യാത്ര ബെംഗളൂരുവിലേക്ക് തിരിക്കും.
പ്രാസ്ഥാനിക കുടുംബത്തിന്റെ സംയുക്ത നേതൃത്വത്തിൽ സംവിധാൻ യാത്രയെ ശനിയാഴ്ച രാവിലെ വാളയാറിൽ സ്വീകരിച്ചു. ശേഷം ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ അരീക്കോട്ടേക്ക് തിരിച്ച യാത്രയെ അഭിവാദ്യം ചെയ്യാൻ ആയിരക്കണക്കിന് ജനങ്ങൾ ഒത്തുകൂടിയിരുന്നു. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന നൂറുകണക്കിന് ഗ്രാമങ്ങളുടെ ഹൃദയ സ്പന്ദനങ്ങളും ചരിത്ര സ്മൃതികളും ചേർത്തുവെച്ചാണ് യാത്ര കേരളത്തിൽ എത്തിയത്. രാജ്യത്തെ 22 സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തുന്ന യാത്രയ്ക്ക് 33 കേന്ദ്രങ്ങളിലാണ് സ്വീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.