Ongoing News
ഏഷ്യാ കപ്പുമായി താരങ്ങളെത്തി; ഉജ്ജ്വല സ്വീകരണം നല്‍കി ശ്രീലങ്ക
തുറന്ന ബസില്‍ സഞ്ചരിച്ച ടീമംഗങ്ങള്‍ ഫാന്‍സിന്റെ അഭിവാദനങ്ങള്‍, ഹര്‍ഷാതിരേകങ്ങളോടെ ഏറ്റുവാങ്ങി.
കൊളംബോ | ആവേശകരമായ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യാ കപ്പില്‍ മുത്തമിട്ട ശ്രീലങ്കന്‍ താരങ്ങള്‍ക്ക് സ്വരാജ്യത്ത് പ്രൗഢോജ്ജ്വല സ്വീകരണം. തുറന്ന ബസില്‍ സഞ്ചരിച്ച ടീമംഗങ്ങള്‍ ഫാന്‍സിന്റെ അഭിവാദനങ്ങള്‍, ഹര്‍ഷാതിരേകങ്ങളോടെ ഏറ്റുവാങ്ങി. തലസ്ഥാനമായ കൊളംബോയിലെ നഗരവീഥിയിലേക്ക് ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍ വിജയാരവങ്ങള്‍ മുഴക്കി ആഘോഷത്തില്‍ അണിചേര്‍ന്നു. ആഹ്ലാദ പ്രകടനത്തിന്റെ ചിത്രങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു.
ഭാനുക രജപക്‌സയുടെ കിടിലന്‍ അര്‍ധ ശതകവും സ്പിന്നര്‍ വനിന്തു ഹസരംഗെ, പേസര്‍ പ്രമോദ് മധുഷന്‍ എന്നിവരുടെ ഉജ്ജ്വല ബോളിംഗുമാണ് ശ്രീലങ്കയെ ആറാം ഏഷ്യാ കപ്പ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. ദുബൈയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ 23 റണ്‍സിനായിരുന്നു ലങ്കന്‍ വിജയം.
തുടക്കത്തില്‍ തകര്‍ച്ചയിലായിരുന്ന ലങ്ക രജപക്‌സ (71)യുടെയും ഹസരംഗ (36)യുടെയും ബാറ്റിംഗ് മികവിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് ലങ്ക നേടിയത്. ബോളിംഗില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് കൊയ്ത വനിന്തു ഹസരംഗയും 34 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ പ്രമോദ് മധുഷനും തിളങ്ങി. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് റിസ്വാനും (55), ഇഫ്തിഖര്‍ അഹമ്മദും (32) ചേര്‍ന്ന് നേടിയ 61 റണ്‍സിന്റെ കൂട്ടുകെട്ട് ഭീഷണിയുയര്‍ത്തിയെങ്കിലും മികവുറ്റ പന്തേറിലൂടെയും പിഴവറ്റ ഫീല്‍ഡിംഗിലൂടെയും അതിനെ മറികടക്കുകയായിരുന്നു.