Connect with us

Kerala

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടാവസ്ഥയില്‍; പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

പൊതുജനാരോഗ്യ രംഗത്തെ അപകടാവസ്ഥ മനസിലാക്കാന്‍ ആ രംഗത്ത വിദഗ്ധരെ ഉള്‍പ്പെടുത്തി യു ഡി എഫ് പബ്ലിക് ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കാത്തതും മാലിന്യ നീക്കം നിലച്ചതുമാണ് രോഗങ്ങള്‍ പെരുകുന്നതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നിപ്പ ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിനാലുകാരന്‍ മരിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

നിപ്പ ബാധിച്ച് വിദ്യാര്‍ഥി മരിച്ചത് സങ്കടകരമായ വാര്‍ത്തയാണ് .സാംക്രമിക രോഗങ്ങളൊന്നും കേരളം വിട്ടു പോയിട്ടില്ലെന്നതിന്റെ അപകടരമായ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധികള്‍ പകരുന്ന സാഹചര്യം അപകടരമായ അവസ്ഥയാണ്. അതിനാലാണ് കേരളത്തിന്റെ പൊതുജനാരോഗ്യം തകരുന്നത് സംബന്ധിച്ച വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നത്.

എന്നാല്‍ ഇതേ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ക്രിയാത്മക പ്രതികരണമല്ല ഉണ്ടായതെന്നും സതീശന്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പടരുന്നുവെന്ന തങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവാര്‍ഡ് വാങ്ങിയെന്നാണ് ചിലര്‍ നിയമസഭയില്‍ മറുപടി പറഞ്ഞതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പൊതുജനാരോഗ്യ രംഗത്തെ അപകടാവസ്ഥ മനസിലാക്കാന്‍ ആ രംഗത്ത വിദഗ്ധരെ ഉള്‍പ്പെടുത്തി യു ഡി എഫ് പബ്ലിക് ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കും. എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Latest