niyamasabha session
നയപ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതു രൂക്ഷമായ കേന്ദ്ര വിമര്‍ശനം
സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വമുണ്ട്. അതുമൂലം പണ ഞെരുക്കം ഉണ്ടാകുന്നു
തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവസാന ഖണ്ഡിക മാത്രം വായിച്ച നയപ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതു രൂക്ഷമായ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം.
സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാനം നിര്‍ബന്ധമായിട്ടുണ്ട്. ഭീകരമായ വെല്ലുവിളികളെ നേരിടുമ്പോഴും കേരള മോഡല്‍ വികസനത്തിനായി സര്‍ക്കാര്‍ അടിയുറച്ച നിലപാട് സ്വീകരിക്കുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അര്‍ഹതപ്പെട്ട ഗ്രാന്റും സഹായത്തിന്റെ വിഹിതവും തടഞ്ഞു വയ്ക്കുന്നതിനെ സര്‍ക്കാര്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകര്‍ക്ക് അനുസൃതമല്ലാതെ മുന്‍കാല പ്രാബല്യത്തോടെ വായ്പ്പാപനിധി വെട്ടിക്കുറച്ചത് കാരണം സര്‍ക്കാരിനെ കടുത്ത പണഞെരുക്കം അനുഭവപ്പെടുന്നുണ്ടെന്നും നയപ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വമുണ്ട്. അതുമൂലം പണ ഞെരുക്കം ഉണ്ടാകുന്നു. ക്രമേണ ഇത് കൂടുതല്‍ തീവ്രമായി സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പരിമിതപ്പെടുത്തിയെന്നും ഫെഡറല്‍ സംവിധാനത്തിലെ വലിയ അസമത്വമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്നും നയപ്രഖ്യാപനം പറയുന്നു.
സംസ്ഥാനങ്ങള്‍ വരുമാന പരിധി കടന്ന് വികസന ചെലവുകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.
കാലാകാലങ്ങളിലുള്ള ധനകാര്യ കമ്മീഷനുകളുടെ അവാര്‍ഡുകളില്‍ വരുന്ന സ്ഥായിയായ കുറവ് ശ്രദ്ധ പിടിച്ചുപറ്റേണ്ട വസ്തുതയാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള നികുതി വിഹിതം 3.88% ആണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ അത് കേവലം 1.92 ശതമാനമായി കുറഞ്ഞു.
ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും റവന്യൂ കമ്മി ഗ്രാന്‍ഡില്‍ വന്ന കുറവും, ബജറ്റിനു പുറത്തുള്ള കടമെടുപ്പില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടില്‍ അടിയന്തര പുനപരിശോധന ആവശ്യമാണെന്നും നയപ്രഖ്യാപനം ആവശ്യപ്പെടുന്നു.
ന്യൂനപക്ഷ മന്ത്രാലയം നിര്‍ത്തലാക്കിയ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനു പകരം ഒരു ബദല്‍ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ നിര്‍ദേശിക്കും. നവകേരള സദസ് സര്‍ക്കാരിലുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിഉറപ്പിച്ചു. ഓരോ വേദിയിലുമുള്ള അസാധാരണമായ ജനപങ്കാളിത്തം കേരള ജനത സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസത്തെ അവര്‍ത്തിച്ച് ഉറപ്പിക്കുന്നതായി. കുടുംബശ്രീ 25 വര്‍ഷം പൂര്‍ത്തീകരിച്ചതില്‍ അഭിമാനമാണ്. 2024 മാര്‍ച്ചില്‍ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴെ താമസിക്കുന്ന ലക്ഷണക്കിന് ആളുകളുടെ സുരക്ഷിതത്വത്തിന് രൂപകല്‍പ്പനയുടെയും നിര്‍മാണത്തിന്റെയും സമീപകാല മാനദണ്ഡങ്ങള്‍ പാലിച്ച് നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് പുതിയ അണക്കെട്ട് നിര്‍മിക്കുക മാത്രമാണ് പരിഹാരം എന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. തമിഴ്‌നാടുമായി രമ്യമായ പരിഹാരത്തിന് നടപടി സ്വീകരിക്കും. വിഴിഞ്ഞം തുറമുഖം 2024 അവസാനത്തോടെ കമ്മിഷന്‍ ചെയ്യും. ധനകാര്യ കമ്മിഷനുകളുടെ വിഹിതത്തില്‍ സ്ഥായിയായ കുറവ് വരുന്നു.
എന്‍ സി ഇ ആര്‍ ടി നീക്കം ചെയ്ത പാഠഭാഗങ്ങളെക്കുറിച്ചും നയപ്രഖ്യാപനത്തില്‍ പരാമര്‍ശമുണ്ട്.നീക്കം ചെയ്തവയില്‍ മുഗള്‍ ചരിത്രവും ഇന്ത്യ വിഭജനവും മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ്. അതിനാല്‍ കുട്ടികളില്‍ യഥാര്‍ത്ഥ ചരിത്രപരവും സാമൂഹ്യവുമായ അവബോധം ഉറപ്പാക്കും. ഇതിനായി ഹ്യൂമാനിറ്റീസില്‍ കേരളം കൂടുതല്‍ പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും നയപ്രഖ്യാപനത്തില്‍ കേരളം വ്യക്തമാക്കി.
ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നിയമസഭയില്‍ നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രമാണു ഗവര്‍ണര്‍ വായിച്ചത്. ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ സ്പീക്കര്‍ അമ്പരപ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നു നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.