National
അരുണാചലില്‍ ചൈന നൂറ് വീടുകളുള്ള ഗ്രാമമുണ്ടാക്കിയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍
ചൈന കൂടുതല്‍ നടപടികളിലൂടെ തര്‍ക്കസ്ഥലത്ത് അവകാശം ഉറപ്പിക്കാനാണ് നോക്കുന്നതെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഇറ്റാനഗര്‍| അരുണാചല്‍ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ചൈന ഗ്രാമമുണ്ടാക്കിയെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. അത് ഇപ്പോള്‍ സ്ഥിരീകരിക്കുകയാണ് അരുണാചല്‍ സര്‍ക്കാര്‍. ചൈന ഗ്രാമം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇപ്പോഴത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സ്ഥിരീകരണം. സത്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
തര്‍ക്കസ്ഥലത്ത് നൂറു വീടുകളുള്ള ഒരു ഗ്രാമമാണ് ചൈന നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഈ പ്രദേശം കൈയ്യടക്കാനുള്ള നീക്കമാണെന്ന് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിര്‍ത്തിയിലെ തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന കമാന്‍ഡര്‍തല ചര്‍ച്ച വിജയിച്ചിരുന്നില്ല. ചൈന പിന്‍മാറ്റത്തിന് തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. നയതന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്.
50,000ത്തോളം സൈനികരെയാണ് ഇന്ത്യ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ ചൈന സൈനിക വിന്യാസം ഈ ശൈത്യകാലത്തും തുടരും എന്ന് ഉറപ്പാകുകയാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമാധാനശ്രമം ഇഴഞ്ഞു നീങ്ങുന്നു എന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ചൈന കൂടുതല്‍ നടപടികളിലൂടെ തര്‍ക്കസ്ഥലത്തില്‍ അവകാശം ഉറപ്പിക്കാനാണ് നോക്കുന്നതെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ട് പറയുന്നു.