Connect with us

Kerala

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി

നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിക്ക് സര്‍ക്കാര്‍ മുതിരുക

Published

|

Last Updated

തിരുവനന്തപുരം |  തമിഴ്‌നാടിന് മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ച് വെട്ടിലായതിന് പിറകെ ഇതിനെ മറികടക്കാന്‍ വഴിതേടി സംസ്ഥാന സര്‍ക്കാര്‍. മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്ന് നിയമോപദേശം തേടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍. അഡ്വക്കേറ്റ് ജനറലിനോടും സുപ്രിം കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടിക്ക് സര്‍ക്കാര്‍ മുതിരുക. വിവാദ ഉത്തരവ് പുറത്തിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചനെതിരെ മാത്രം നടപടിയെടുത്താല്‍ ചോദ്യം ചെയ്യപ്പെടുമോയെന്ന ആശങ്കയാണ് ഇതിന് പിന്നില്‍.

അതേ സമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡാമിലെ റൂള്‍ കര്‍വിനെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തു. റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയര്‍ത്തണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാള്‍ സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെക്കൂടാതെ വനം-ജലവിഭവ സെക്രട്ടറിമാര്‍ക്കെതിരെ നടപടി ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. രണ്ട് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വിശദീകരണം.