Connect with us

Pathanamthitta

പ്രതിസന്ധികള്‍ അതിജീവിച്ച് പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം; മന്ത്രി ജെ ചിഞ്ചുറാണി

പശുകള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന 'ഇ സമൃദ്ധ' പദ്ധതിയുടെ തുടക്കം പത്തനംതിട്ടയിലായിരുന്നു.

Published

|

Last Updated

പത്തനംതിട്ട| പ്രതിസന്ധികള്‍ അതിജീവിച്ച് പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് പൊതുസമ്മേളനം കോട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കടുത്ത വെയിലും അസുഖവും മൂലം നിരവധി പശുക്കളാണ് മരണപ്പെട്ടത്. ഒരു പശുവിന് 37,500 രൂപ വരെ സഹായം നല്‍കി. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 22 കോടി രൂപ വകയിരുത്തി. പഞ്ചായത്ത് കേന്ദ്രീകരിച്ച് ‘ക്ഷീരഗ്രാമം’ പദ്ധതി നടപ്പിലാക്കി. പഞ്ചായത്ത് എത്ര തുക മാറ്റിവയ്ക്കുന്നുവോ അത്രയും ക്ഷീരവികസന വകുപ്പും മുടക്കുന്നു. കന്നുകുട്ടി വളര്‍ത്തല്‍ പദ്ധതിക്കും സര്‍ക്കാര്‍ സഹായമുണ്ട്.

പശുകള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന ‘ഇ സമൃദ്ധ’ പദ്ധതിയുടെ തുടക്കം പത്തനംതിട്ടയിലായിരുന്നു. രാജ്യത്തിന് പോലും മാതൃകയായ പദ്ധതിയില്‍ ഓരോ പശുക്കളുടെ കാതിലും 12 അക്ക നമ്പര്‍ മൈക്രോചിപ്പ് പതിപ്പിക്കുന്നു. ഉടമസ്ഥനെ തിരിച്ചറിയാനും വാക്‌സിന്‍ വിവരങ്ങളടക്കം ഓണ്‍ലൈനിലൂടെ മനസിലാക്കാം. 21 ബ്ലോക്കുകളില്‍ വെറ്ററിനറി ആംബുലന്‍സുകള്‍ സജ്ജമാക്കി.

സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആംബുലന്‍സ് വീട്ടിലെത്തും. തീരദേശ, തോട്ടം മേഖലയില്‍ ‘ക്ഷീര തീരം’ പദ്ധതിയുണ്ട്. കര്‍ഷകര്‍ക്ക് തൊഴുത്തുകള്‍ നിര്‍മിക്കാനും പശുക്കളെ വാങ്ങാനും സഹായം നല്‍കുന്നു. അതിദരിദ്രര്‍ക്ക് പശുവിനെ വാങ്ങാന്‍ ഒരു ലക്ഷം രൂപയ്ക്ക് 95,000 രൂപ സബ്‌സിഡിയുണ്ട്.

‘ക്ഷീര സാന്ത്വനം’ പദ്ധതിയിലൂടെയും സര്‍ക്കാര്‍ ക്ഷീരകര്‍ഷകരെ സഹായിക്കുന്നു. ക്ഷീരകര്‍ഷകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആരോഗ്യ, ലൈഫ് ഇന്‍ഷൂറന്‍സും കന്നുകാലികള്‍ക്ക് പരിരക്ഷയും നല്‍കുന്നതാണ് പദ്ധതി. രണ്ടു ലക്ഷം രൂപ വരെ ഉറപ്പുനല്‍കുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍, തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ ബി മഞ്ജു പങ്കെടുത്തു.