Congress Groupism
ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ പോരാടാനുറച്ച് സംസ്ഥാന നേതൃത്വം
മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കും; കോണ്‍ഗ്രസിലെ തമ്മിലടി പുതിയ തലത്തിലേക്ക്
തിരുവനന്തപുരം | കോണ്‍ഗ്രസില്‍ നേതൃമാറ്റത്തോടെ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുറകോട്ട് വലിക്കുകയാണെന്നും ഇവരുടെ നീക്കങ്ങള്‍ തടയണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങി കീഴ്‌പ്പെടില്ലെന്ന് ഗ്രൂപ്പുകളും പറയുന്നു. വേണ്ടിവന്നാല്‍ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുകൂലിക്കുന്നവര്‍ സമാന്തര കമ്മിറ്റി രൂപവ്തക്കരിക്കുമെന്നുമാണ് പറയുന്നത്. ഈ സഹചര്യത്തില്‍ കോണ്‍ഗ്രസിലെ തമ്മിലടി തുറന്ന യുദ്ധത്തിലേക്ക് മാറുകയാണ്.
ചെറിയ കാര്യങ്ങള്‍ പോലും പെരുപ്പിച്ച്കാട്ടി ചിലര്‍ പ്രചാരണം നടത്തുന്നു. മാധ്യമങ്ങള്‍ക്ക് മുമ്പാകെ പാര്‍ട്ടിയില്‍ സംഭവിക്കുന്നതിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ നല്‍കുന്നു. അണികളില്‍ ഉയരുന്ന പുതിയ വീര്യം കെടുത്തുകയാണ് ഇത്തരം മുതിര്‍ന്ന നേതാക്കള്‍ ചെയ്യുന്നതെന്നും സംസ്ഥാന നേതൃത്വം ആരോപിക്കുന്നു. ഇനിയും ഇത്തരം നടപടികള്‍ വെച്ചുപോറുപ്പിക്കാനാകില്ലെന്നും ശക്തമായ നടപടി വേണമെന്നും ഇവര്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടുമെന്നാണ് സുധാകരന്‍ അനുകൂലികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നിരുന്നു. പുനഃസംഘടന അടക്കമുള്ള വിഷയങ്ങളില്‍ ഗ്രൂപ്പിന്റെ അതിര്‍ത്തി വ്യക്തമാക്കാനായിരുന്നു ഈ വിട്ടുനില്‍ക്കല്‍. ഇതിനെ നിസാര വത്ക്കരിക്കുന്ന പ്രതികരണമായിരുന്നു സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണിതെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന തിരിച്ചറിവ് സംസ്ഥാന നേതൃത്വത്തിനുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഹൈക്കമാന്‍ഡിന്റെ പിന്തുണ ഉറപ്പിക്കാന്‍ സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്.