Connect with us

Eranakulam

സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് ഇന്ന് തിരിതെളിയും

ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തും.

Published

|

Last Updated

കൊച്ചി |സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് ഇന്ന് തുടക്കമാകും. രാവിലെ 9 ന് എറണാകുളം ഗവ.ഗേൾസ് എച്ച്.എസ്.എസ് അങ്കണത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു കൊടി ഉയര്‍ത്തുന്നതോടെയാണ് മേള തുടങ്ങുക. ഔദ്യോഗിക ഉദ്ഘാടനം രാവിലെ 10.30 ന് എറണാകുളം ടൗണ്‍ഹാളില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. ടി.ജെ വിനോദ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

ആറു വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ എത്തും. വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകരും വിവിധ കമ്മിറ്റി അംഗങ്ങളും വോളന്റിയർമാരുമുൾപ്പടെ പതിനായിരത്തോളം പേർ ദിവസവും മേളയുടെ ഭാഗമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണു മത്സരങ്ങള്‍.

സെന്റ് ആല്‍ബര്‍ട്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ശാസ്ത്രമേളയ്ക്കു വേദിയാകുന്നത്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്‌കൂള്‍ ഗണിത ശാസ്ത്രമേളയ്ക്കും എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസ് സാമൂഹ്യശാസ്ത്രമേളയ്ക്കും വേദിയാകും. ഐ.ടി മേള നടക്കുന്നത് ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. തേവര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസിലാണ് പ്രവൃത്തി പരിചയമേള നടക്കുന്നത്. എറണാകുളം എസ്.ആര്‍.വി എച്ച്.എസ്.എസ് വൊക്കേഷണല്‍ എക്‌സ്‌പോ, കരിയര്‍ സെമിനാര്‍, തൊഴില്‍മേള എന്നിവയ്ക്ക് വേദിയാകും.

ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. എം പിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍, എം എല്‍ എമാരായ കെ ജെ മാക്‌സി, അനൂപ് ജേക്കബ്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, കെ ബാബു, പി വി ശ്രീനിജിന്‍, റോജി എം ജോണ്‍, ഉമ തോമസ്, എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് എന്നിവര്‍ മുഖ്യാതിഥികളാകും.

പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള, കൊച്ചി കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ ശ്രീജിത്ത്, കൗണ്‍സിലര്‍ സുധ ദിലീപ്, സ്റ്റേറ്റ് സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്.സി.ഇ.ആര്‍.ടി) ഡയറക്ടര്‍ ആര്‍.കെ ജയപ്രകാശ്, സര്‍വ്വ ശിക്ഷ കേരള(എസ്.എസ്.കെ) ഡയറക്ടര്‍ എ.ആര്‍ സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി (എസ്.ഐ.ഇ.ടി) ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ബി.അനുരാജ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

Latest