YOUTH LEAGUE
സംസ്ഥാന സെക്രട്ടേറിയറ്റ് യൂത്ത് ലീഗ് പുനഃസംഘടന മരവിപ്പിച്ചു
പ്രതിസന്ധി രൂക്ഷം
കോഴിക്കോട് | പുനഃസംഘടനക്ക് പിന്നാലെ യൂത്ത് ലീഗിൽ പ്രതിസന്ധി രൂക്ഷം. കൗൺസിൽ അംഗങ്ങൾ പ്രതിഷേധിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടത്തി നിമിഷങ്ങൾക്കകം സംസ്ഥാന സെക്രട്ടേറിയറ്റ് അത് മരവിപ്പിച്ചു. യൂത്ത് ലീഗ് തിരഞ്ഞെടുപ്പിലെ അതൃപ്തി പ്രകടമാക്കി മലപ്പുറം ജില്ലാ ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പരസ്യമായി രംഗത്ത് വരികയും ചെയ്തു. കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് നൽകിയ ഭാരവാഹി പട്ടികയിൽ ഉൾപ്പെടാത്ത ടി പി എം ജിഷാനെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. എതിർപ്പറിയിച്ച് പി എം എ സലാമിന് കോഴിക്കോട് ജില്ലാ കമ്മിറ്റി രേഖാമൂലം പരാതി നൽകി.
ഇതാദ്യമായാണ് യൂത്ത് ലീഗിൽ സെക്രട്ടേറിയറ്റ് സംവിധാനം കൊണ്ടുവന്നത്. ആറ് പേരെയായിരുന്നു തിരഞ്ഞെടുത്തത്. സ്ഥാനമൊഴിയുന്ന കമ്മിറ്റിയിലുണ്ടായിരുന്ന യൂത്ത് ലീഗ് നിയമപ്രകാരമുള്ള പ്രായം കടക്കാത്ത ഭാരവാഹികളുൾപ്പെടെയുള്ളവരെയായിരുന്നു സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തിരുന്നത്.
സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട പി ജി മുഹമ്മദ്, വി വി മുഹമ്മദാലി, ആഷിഖ് ചെലവൂർ, അൻവർ സാദത്ത് എന്നിവർക്കൊപ്പം കമ്മിറ്റിയിൽ നിന്ന് വെട്ടിയ എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലിയും ടി ഡി കബീർ എന്നിവരെയും ഉൾപ്പെടുത്തിയാണ് സെക്രട്ടേറിയറ്റ് രൂപവത്കരിച്ചത്. പി ജി മുഹമ്മദുൾപ്പെടെയുള്ളവർക്ക് കമ്മിറ്റിയിൽ സുപ്രധാന സ്ഥാനം ലഭിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തെ സെക്രട്ടേറിയറ്റിലേക്ക് ഒതുക്കി.
സജീവമായി പ്രവർത്തിക്കുന്നവരെ ഭാരവാഹിത്വത്തിൽ കൊണ്ടുവരാത്തതിൽ പലർക്കും അതൃപ്തിയുണ്ട്. ഭാരവാഹിത്വത്തിലും സെക്രട്ടേറിയറ്റിലും ഉൾപ്പെടാത്തതിനെത്തുടർന്ന് മലപ്പുറത്ത് നിന്നുള്ള ചില കൗൺസിൽ അംഗങ്ങളും ജില്ലയിൽ നിന്ന് ആരെയും പരിഗണിച്ചില്ലെന്ന് പറഞ്ഞ് എറണാകുളത്ത് നിന്നുള്ളവരും രംഗത്ത് വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇതോടെ റിട്ടേണിംഗ് ഓഫീസറായ പി എം എ സലാം സെക്രട്ടേറിയറ്റ് മരവിപ്പിക്കുകയായിരുന്നു.
പുതിയ കമ്മിറ്റിയിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് മാത്രമാണ് പ്രായത്തിൽ കൗൺസിൽ ഇളവ് നൽകിയത്. ഭരണഘടന പ്രകാരമല്ലാതെ ഇതുവരെയുണ്ടായിരുന്ന സീനിയർ വൈസ് പ്രസിഡന്റ് പദവി നജീബ് കാന്തപുരത്തിന്റെ യൂത്ത് ലീഗിലെ കാലാവധി തീർന്നതോടെ അവസാനിപ്പിച്ചു.
പി കെ ഫിറോസും നജീബ് കാന്തപുരവും തമ്മിൽ സെക്രട്ടറി പദവി സംബന്ധിച്ച് തർക്കത്തെ തുടർന്നാണ് മുനവ്വറലി തങ്ങൾ ഇടപെട്ട് ടി പി എം സാഹിറിന്റെ മകനായ ജിഷാനെ സെക്രട്ടറിയായി പ്രഖ്യാപിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ആഷിഖ് ചെലവൂരിന് വേണ്ടി നജീബ് കാന്തപുരവും സാജിദ് നടുവണ്ണൂരിന് വേണ്ടി പി കെ ഫിറോസും രംഗത്തുണ്ടായിരുന്നു. അതേസമയം, മലപ്പുറം ജില്ലാ ലീഗ് പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ലീഗ് കേന്ദ്രങ്ങളിൽ ചർച്ചയായി. “അവഗണനയേക്കാൾ വലിയ തിരിച്ചറിവുകളില്ലെന്നായിരുന്നു’ നൗഷാദ് മണ്ണിശ്ശേരിയുടെ പോസ്റ്റ്.
അതേസമയം, നൗഷാദിന്റെ പോസ്റ്റിനെതിരെ പാർട്ടി പ്രവർത്തകരിൽ നിന്നുൾപ്പെടെ പ്രതികരണങ്ങൾ വന്നതോടെ വിശദീകരണക്കുറിപ്പുമായി അദ്ദേഹം രംഗത്ത് വരികയും ചെയ്തു. എന്നെ അവഗണിച്ചു എന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ ആ അവഗണന ഏറ്റവും വലിയ തിരിച്ചറിവായി കണ്ട് പ്രവർത്തിക്കുക എന്നാണ് അദ്ദേഹം വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
പാർട്ടി സ്‌റ്റേജുകളിലും ക്ലാസ്സുകളിലും ക്യാമ്പുകളിലും അച്ചടക്കത്തെ കുറിച്ച് നിരന്തരം ഓർമിപ്പിക്കുന്ന താൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുമ്പോൾ അതിന്റെ താത്പര്യം എന്താണെന്ന് ചിന്തിക്കുക എങ്കിലും വേണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്.