Connect with us

Kerala

ഷുക്കൂര്‍ ഉയര്‍ത്തിയ വിഷയത്തില്‍ ഇടപെട്ടത് സംസ്ഥാന സെക്രട്ടറി നേരിട്ട്

സഖാക്കളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ വൈകാരിക തലം കൂടി പരിഗണിക്കണമെന്നും എം വി ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു

Published

|

Last Updated

പാലക്കാട്  | സി പി എം പാലക്കാട് ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂര്‍ സി പി എം പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചതോടെ വിഷയത്തില്‍ ഇടപെട്ടു പരിഹാരം കണ്ടത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ജില്ലാ സെക്രട്ടറിയില്‍ നിന്ന് നേരിട്ട അവഹേളനത്തെ കുറിച്ചുള്ള ഷുക്കൂറിന്റെ പരാതി ഗൗരവത്തോടെ കാണുമെന്നും സഖാക്കളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ വൈകാരിക തലം കൂടി പരിഗണിക്കണമെന്നും എം വി ഗോവിന്ദന്‍ ജില്ലാ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു എന്നാണു വിവരം. പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചതോടെ ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന പ്രഖ്യാപനം തിരുത്തു.

പാര്‍ട്ടി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് അറിയിച്ചതായും തന്റെ നിലപാട് പാര്‍ട്ടിക്ക് പോറലേല്‍പ്പിച്ചതായും ഷുക്കൂര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കുമെന്നേ ഞാന്‍ പറഞ്ഞിരുന്നുളളു. പാര്‍ട്ടി വിടില്ല. ഞാന്‍ പി വി അന്‍വറല്ലല്ലോയെന്നും ഇനി മുതല്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമായി പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് ഓട്ടോ ടാക്‌സി യൂണിയന്‍ ജില്ലാ ട്രഷററും മുന്‍ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂര്‍. പാലക്കാട് നഗരമേഖലയില്‍ നല്ല ജനപിന്തുണയുള്ള നേതാവായ ഇദ്ദേഹം യോഗത്തില്‍ വച്ച് ജില്ലാ സെക്രട്ടറി ശക്തമായ വിമര്‍ശിച്ചതില്‍ വിഷമിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചതോടെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി.

പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ നീക്കം ഫലം കണ്ടതോടെ വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ ഷുക്കൂറെത്തി. കണ്‍വന്‍ഷന്‍ യോഗത്തിലേക്ക് ഷുക്കൂറിനെ തോളില്‍ കൈയ്യിട്ട് എന്‍ എന്‍ കൃഷ്ണദാസാണ് എത്തിച്ചത്. ഷുക്കൂറിന്റെ വീടിനു മുന്നില്‍ വാര്‍ത്തക്കായി കാത്തിരുന്ന മാധ്യമങ്ങളെ കൃഷ്ണദാസ് ശക്തമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തു.

Latest