Kerala
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും: മുഖ്യമന്ത്രി
എല്‍ ഡി എഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം | ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാരും വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ ഡിഎഫ് യോഗത്തെ അറിയിച്ചു.
ഒരുവിഭാഗം ആശ വര്‍ക്കര്‍മാരുടെ സമരം സംബന്ധിച്ച് യോഗത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമരം തീര്‍ക്കുന്നതില്‍ സര്‍ക്കാരിന് പിടിവാശിയില്ല. കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചാല്‍ അതനുസരിച്ചുള്ള വിഹിതം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവും. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കെതിരായ സമരത്തെ സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ചുവിടാന്‍ ആസൂത്രിത നീക്കം നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ആശമാരെ പ്രതിനിധീകരിക്കുന്ന പ്രബലയൂണിയനുകള്‍ക്ക് കാര്യങ്ങള്‍ ബോധ്യമുണ്ട്. അവര്‍ വ്യവസ്ഥാപിതമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുമുമ്പില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് ഒരു ചെറിയ വിഭാഗം അനിശ്ചിത കാല സമരവുമായി തെരുവിലെത്തിയത്. മാധ്യമങ്ങളുടെ സമ്പൂര്‍ണ പിന്തുണ ഉണ്ട് എന്നതുകൊണ്ടുമാത്രം സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാറിനാവില്ല. കേന്ദ്രസര്‍ക്കാറിനെതിരെ നടത്തേണ്ട സമരത്തെ ചിലര്‍ വഴി തിരിച്ചുവിടുകയാണെന്നും ഇടതു മുന്നണി യോഗം വിലയിരുത്തി.