Kerala
സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കും: മന്ത്രി വീണാ ജോര്‍ജ്
സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യമേഖലയിലും കൃതമായ പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നു.
പത്തനംതിട്ട | ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം നേടുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗ നിവാരണ തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂരില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രോഗബാധിതരെ കണ്ടെത്തി മികച്ച ചികിത്സ നല്‍കി അണുബാധ വ്യാപനം തടയുക എന്നതാണ് പ്രധാന ദൗത്യം. രോഗമരണ നിരക്ക് കുറയ്ക്കുക. അനാവശ്യ ഭയം ഒഴിവാക്കുക, രോഗബാധിതരെ ഒറ്റപ്പെടുത്തുന്നത് തടയുക എന്നിവയും ലക്ഷ്യമിടുന്നു.
സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യമേഖലയിലും കൃതമായ പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നു. സിസ്റ്റം ഫോര്‍ ടി ബി എലിമിനേഷന്‍ ഇന്‍ പ്രൈവറ്റ് സെക്ടര്‍ എന്ന പേരില്‍ സംസ്ഥാനസര്‍ക്കാര്‍ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ ഈ പദ്ധതിക്ക് 2023 ല്‍ ദേശീയ അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു. ക്ഷയരോഗ ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍, എന്‍ എച്ച് എസ് ആര്‍ സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മേജര്‍ ജനറല്‍ പ്രഫ. അതുല്‍ കോത്വാള്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്ലോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ജില്ലാ ടി ബി ഓഫീസര്‍ ഡോ. കെ എസ് നിരണ്‍ സംബന്ധിച്ചു.