National
കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം സംസ്ഥാനം നല്‍കും: മമത ബാനര്‍ജി
പശ്ചിമബംഗാളിന് കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിക്കാനുള്ള ഫണ്ടുകള്‍ ഉടന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മമത രണ്ട് ദിവസത്തെ ധര്‍ണയ്ക്ക് തുടക്കം കുറിച്ചിരുന്നു.
ന്യൂഡല്‍ഹി | കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം സംസ്ഥാനം നല്‍കുമെന്ന് മമത ബാനര്‍ജി. ഫെബ്രുവരി 21 വരെ കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള 21 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം സംസ്ഥാനം നല്‍കുമെന്നാണ് മമത അറിയിച്ചത്.
പശ്ചിമബംഗാളിന് കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിക്കാനുള്ള ഫണ്ടുകള്‍ ഉടന്‍ അനുവദിക്കണമെന്ന ആവശ്യവുമായി മമത രണ്ട് ദിവസത്തെ ധര്‍ണയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് മമത പുതിയ പ്രഖ്യാപനം നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരുന്നു.
പശ്ചിമബംഗാളിന് നല്‍കേണ്ട ഫണ്ട് കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന ആവശ്യം മമത ഉന്നയിക്കുന്നുണ്ട്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കണക്കുകള്‍ കൃത്യമായ സമയത്ത് സമര്‍പ്പിക്കുന്നില്ലെന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് താന്‍ നിരാകരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ഇതിനോടകം മമത കത്തും അയച്ചിട്ടുണ്ട്.