Business
ട്രംപിൻ്റെ തേരോട്ടത്തിൽ കുതിച്ച് ഓഹരി വിപണിയും
ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യവിപണിയാണ് യുഎസ്
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ് മുൻതൂക്കം നേടിയതോടെ ഇന്ത്യൻ ഓഹരി വിപണിയിലും കുതിപ്പ്. സെൻസെക്സ് ഇന്ന് 640ഓളം പോയിൻ്റ് കുതിച്ച് 80,115 വരെയെത്തി. ഇന്നലെ അമേരിക്കയിൽ വോട്ട് എണ്ണാൻ തുടങ്ങിയതുമുതൽ ഓഹരിവിപണി നല്ല ഉന്മേഷത്തിലായിരുന്നു. 24,308ൽ തുടങ്ങിയ നിഫ്റ്റി ഇന്ന് 24,415 വരെയും ഉയർന്നു. ഇന്നത്തെ വ്യാപാരം അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 853 പോയിൻ്റ് (+1.07%) 80,330ലും നിഫ്റ്റി 254.40 പോയിൻ്റ് (1.05%) ഉയർന്ന് 24,4670ലും ആണ്.
ട്രംപിന് സാധ്യത വർധിച്ചതോടെ, യുഎസ് ഓഹരി വിപണികളായ ഡൗ ഡോൺസ്, നാസ്ഡാക്, എസ് ആൻഡ് പി 500 എന്നിവ ഒരു ശതമാനത്തിലധികം ഉയർന്നിരുന്നു.ഏഷ്യയിൽ ജാപ്പനീസ് നിക്കേയ്, ഓസ്ട്രേലിയൻ, കൊറിയൻ സൂചികകളും ഉയർന്നതോടെ ഇന്ത്യൻ വിപണികളും ഉഷാറിലായി.
ട്രംപ് വരുന്നത് ചൈനയുമായുള്ള വ്യാപാരപ്പോര് കൂടുതൽ കനക്കാൻ ഇടയാക്കിയേക്കും. ഇത് യുഎസിൽ നിന്നടക്കമുള്ള ആഗോള കമ്പനികളെ ചൈന+1 നയത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചേക്കുമെന്നതാണ് ഇന്ത്യയ്ക്കു നേട്ടമാകുക.
ചൈനയിൽനിന്ന് സാന്നിധ്യം സമീപത്തെ മറ്റ് അനുകൂലരാജ്യങ്ങളിലേക്ക് മാറ്റുന്ന നയമാണിത്. ചൈനയെ കൈവിടുന്ന കമ്പനികൾ ഇന്ത്യയിൽ നിക്ഷേപവും സാന്നിധ്യവും കൂട്ടാൻ ഇത് സഹായിച്ചേക്കും. ഐടി കമ്പനികളുടെ മുന്നേറ്റമാണ് ഇന്ന് ഓഹരിവിപണി കുതിക്കാൻ കാരണമായത്. ഇന്ത്യൻ ഐടി കമ്പനികളുടെ മുഖ്യവിപണിയാണ് യുഎസ്. മാത്രമല്ല, ട്രംപ് അധികാരത്തിൽ വന്നാൽ കോർപ്പറേറ്റ് നികുതി കുറച്ചേക്കുമെന്ന വിലയിരുത്തലുകളും നേട്ടമാണ്.