ഓർമ
നായനാരെ വീഴ്ത്തിയ നവയുവാവിന്റെ കഥ
മൂന്ന് തവണയാണ് കടന്നപ്പള്ളി ലോക്സഭയിലേക്ക് മത്സരിച്ചത്. രണ്ട് തവണ കാസര്‍കോട് ജയിച്ചെങ്കിലും കണ്ണൂരില്‍ ഒരു തവണ പരാജയപ്പെട്ടു. നിയമസഭയിലേക്ക് ഏഴ് തവണ മത്സരിച്ചപ്പോള്‍ നാല് വിജയവും മൂന്ന് പരാജയവും.
കണ്ണൂര്‍ | ലോക്സഭയിലേക്ക് നടന്ന കന്നി തിരഞ്ഞെടുപ്പ് കടന്നപ്പള്ളിക്ക് ഇന്നും ആവേശകരമായ ഓര്‍മയാണ്. സ്ഥാനാര്‍ഥിയാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതാത്ത കാലത്തായിരുന്നു അന്നത്തെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയാകുന്നത്. ഇന്ദിരാ ഗാന്ധിയാണ് എ കെ ജി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ കടന്നപ്പള്ളിയുടെ പേര് നിര്‍ദേശിച്ചത്. ഇന്ദിരയുടെ തീരുമാനമായതു കൊണ്ട് എതിര്‍പ്പുണ്ടായില്ല.
കെ എസ് യു സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കുന്ന സമയത്തായിരുന്നു സ്ഥാനാര്‍ഥിയായി പാര്‍ട്ടി നേതൃത്വം തീരുമാനിച്ച കാര്യം തന്നെ അറിയിക്കുന്നതെന്ന് കടന്നപ്പള്ളി ഓര്‍ക്കുന്നു. ആദ്യം ഞെട്ടി. അന്ന് വയസ്സ് വെറും 26. കാസര്‍കോട് ജയിച്ചിരുന്ന എ കെ ജി പാലക്കാട്ടേക്ക് മാറിയതിനാല്‍ സി പി എം സ്ഥാനാര്‍ഥിയായി മത്സരിക്കാനെത്തിയത് ഇ കെ നായനാരായിരുന്നു. സ്ഥാനാര്‍ഥിയായത് തന്നെ അത്ഭുതം. എതിര്‍സ്ഥാനാര്‍ഥി നായനാരാണെന്നത് ചങ്കിടിപ്പ് കൂട്ടി. ഒടുവില്‍ കടുത്ത മത്സരത്തില്‍ കടന്നപ്പള്ളിക്കായിരുന്നു ജയം. നായനാരെ 28,404 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. അന്നത്തെ സഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു കടന്നപ്പള്ളി.
1977ല്‍ നടന്ന തിരഞ്ഞെടുപ്പിലും കാസര്‍കോട് കടന്നപ്പള്ളിക്ക് തന്നെയായിരുന്നു ജയം. എതിരാളി എം രാമണ്ണറെയും. പിന്നീട് കോണ്‍ഗ്രസ്സില്‍ ചേരിതിരിവ് ഉണ്ടാകുകയും കടന്നപ്പള്ളി ഇന്ദിരാ ഗാന്ധിക്കെതിരെ നിലപാട് സ്വകരിക്കുകയും ഇടത് മുന്നണിയുടെ ഭാഗമാകുകയും ചെയ്തു. കടന്നപ്പള്ളി പിന്നീട് ഇടത് മന്ത്രിസഭയില്‍ അംഗമായി. പിന്നീട് പല തവണ ഇ കെ നായനാര്‍ നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നേതൃത്വം നല്‍കുകയും ചെയ്തു. നായനാര്‍ പലപ്പോഴും ഇക്കാര്യം എടുത്തുപറയുമായിരുന്നു.
വോട്ടറോട് സംസാരിക്കണമെങ്കില്‍ നേരില്‍ കാണുക തന്നെ വേണം. ബഹുവര്‍ണ പോസ്റ്ററുകളില്ല. സ്ഥാനാര്‍ഥിയുടെ ഫോട്ടോ പോസ്റ്ററില്‍ കാണില്ല. ചുവരുകളില്‍ കുമ്മായം കൊണ്ട് പ്രചാരണമെഴുത്ത്. മൈക്ക് പ്രചാരണങ്ങളും അപൂര്‍വം. കാളത്തിലായിരുന്നു അനൗണ്‍സ്മെന്റ്. റോഡ്ഷോകളില്ല. വാഹനങ്ങളുടെ നീണ്ട നിരയില്ല. വീടുകളിലെത്തിയത് അഭ്യര്‍ഥന കത്തായിരുന്നു. പണച്ചെലവില്ല- അക്കാലത്തെ തിരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെയൊക്കെയായിരുന്നു. ഇന്ന് പ്രചരണമാകെ മാറി. ഇന്നത്തെയും അന്നത്തെയും തിരഞ്ഞെടുപ്പ് രീതി തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കടന്നപ്പള്ളി പറയുന്നു.
മൂന്ന് തവണയാണ് കടന്നപ്പള്ളി ലോക്സഭയിലേക്ക് മത്സരിച്ചത്. രണ്ട് തവണ കാസര്‍കോട് ജയിച്ചെങ്കിലും കണ്ണൂരില്‍ ഒരു തവണ പരാജയപ്പെട്ടു. നിയമസഭയിലേക്ക് ഏഴ് തവണ മത്സരിച്ചപ്പോള്‍ നാല് വിജയവും മൂന്ന് പരാജയവും. ഇരിക്കൂര്‍, എടക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ജയിച്ചത്. രണ്ട് തവണ പേരാവൂരിലും ഒരു തവണ കണ്ണൂരിലും പരാജയപ്പെട്ടു.