Kerala
കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് എംകെ മുനീര്‍ പ്രഖ്യാപിച്ച സമരം രാഷ്ട്രീയ മുതലെടുപ്പിന്; വിദ്യാഭ്യാസ രംഗത്തെ ശാന്തമായ അന്തരീക്ഷം തകര്‍ക്കരുത്: മന്ത്രി വി ശിവന്‍കുട്ടി
സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രതിപക്ഷ നേതാവും ഉപനേതാവും സ്വാഗതം ചെയ്തതാണ്
തിരുവനന്തപുരം | പ്രീഡിഗ്രിക്കോ പ്ലസ് വണ്ണിനോ ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായ കാലം ഒരു സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിട്ടില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മാന്യമായി പരിഹാരം കണ്ട വിഷയത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു
ഏറ്റവും കൂടുതല്‍ കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തത് 2015 മാര്‍ച്ചില്‍ ആണ്. ആ വര്‍ഷം 4,61,825 പേര്‍ ഉപരി പഠനത്തിന് യോഗ്യത നേടി . ആകെ 3,80,105 കുട്ടികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. അന്ന് മലപ്പുറം ജില്ലയില്‍ 60,045 സീറ്റും കോഴിക്കോട് ജില്ലയില്‍ 38,932 സീറ്റും ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ 78236 സീറ്റും കോഴിക്കോട് ജില്ലയില്‍ 43142 സീറ്റും ഉണ്ട്.
ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം പാലക്കാട് ജില്ലയില്‍ 331 ഉം കോഴിക്കോട് ജില്ലയില്‍ 398 ഉം മലപ്പുറം ജില്ലയില്‍ 169 ഉം സയന്‍സ് സീറ്റുകള്‍ മിച്ചമുണ്ട്. ഇപ്പോള്‍ മലപ്പുറം, കാസര്‍കോട് ജില്ലകളിലായി പുതിയതായി അനുവദിച്ച 138 ബാച്ചുകളിലായി 8280 കുട്ടികള്‍ക്ക് കൂടി പ്രവേശനം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. എന്നിട്ടും നിസഹകരിക്കുന്ന സമീപനമാണ് ചിലര്‍ കൈക്കൊള്ളുന്നത്. സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രതിപക്ഷ നേതാവും ഉപനേതാവും സ്വാഗതം ചെയ്തതാണ്. വിദ്യാര്‍ഥി സംഘടനകള്‍ വസ്തുത മനസിലാക്കി സഹകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ജൂലൈ 19 മുതല്‍ മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരം രാഷ്ട്രീയ മുതലെടുപ്പ് ആണ്.പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയോടും നിലപാടിനോടുമുള്ള വെല്ലുവിളിയുമാണ് എം കെ മുനീറിന്റെ പ്രഖ്യാപനം. അതുകൊണ്ട് കാര്യം മനസിലാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന ശാന്തമായ അന്തരീക്ഷം തകര്‍ക്കാതെ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇനിയും ഒരു ഘട്ട സപ്ലിമെന്ററി അലോട്‌മെന്റ് കൂടി ഉണ്ട്. അതുകഴിയുന്നതോടെ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പു വരുത്താനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു