Kerala
സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്ക് സമരം തുടരുന്നു; കൊല്ലത്ത് കലക്ടറേറ്റിന് മുന്നിലെ സമര പന്തല്‍ പോലീസ് പൊളിച്ചു
ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് പന്തല്‍ പൊളിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം
തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് തുടരുന്നു. സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും കോണ്‍ഗ്രസിന്റെ നേൃത്വത്തിലുള്ള സര്‍വീസ് സംഘടനകളുമാണ് പണിമുടക്ക് നടത്തുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണിമുടക്കുന്നത്.
കൊല്ലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ നിര്‍മിച്ച പന്തല്‍ പോലീസ് പൊളിപ്പിച്ചു. കൊല്ലം കലക്ടറേറ്റ് പ്രധാന കവാടത്തിന് എതിര്‍വശത്താണ് പന്തല്‍ ഒരുക്കിയത്.
ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായാണ് പന്തല്‍ പൊളിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം സ്ഥിരമായി സമരപ്പന്തല്‍ കെട്ടുന്ന സ്ഥലത്താണ് തങ്ങള്‍ പന്തല്‍ കെട്ടിയതെന്നും സമരം തകര്‍ക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് പോലീസ് നടപടിയെന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിച്ചു.
എറണാകുളം കലക്ടറേറ്റിനു മുന്നില്‍ സിപിഐ അധ്യാപക സംഘടനയുടെ പ്രതിഷേധം തുടങ്ങി. കലക്ടറേറ്റില്‍ പോലീസിനെ വിന്യസിച്ചു. വയനാട് കോണ്‍ഗ്രസ്-സിപിഐ സര്‍വീസ് സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഎം അനുകൂല സര്‍വീസ് സംഘടനകളുടെ നേതാക്കളും സംഘടിച്ചു. തുടര്‍ന്ന് വയനാട് കലക്ടറേറ്റിന് മുന്നില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില കുറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്‌കരണ കുടിശികകള്‍ പൂര്‍ണമായും അനുവദിക്കണം, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.സമരത്തിന് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.