Uae
ശ്രദ്ധ നേടി ശൈഖ് മുഹമ്മദിന്റെയും ശൈഖ് ഹംദാന്റെയും ലണ്ടനിലെ വേനൽക്കാല യാത്രാദൃശ്യങ്ങൾ
ദുബൈ ആസ്ഥാനമായുള്ള പാർക്കേഴ്സ് റെസ്റ്റോറന്റിന്റെ ലണ്ടനിലെ ഔട്ട്പോസ്റ്റിലെ ആദ്യ സന്ദർശകനായിരുന്നു ശൈഖ് മുഹമ്മദ് എന്നാണ് ഇൻസ്റ്റാഗ്രാമിലെ വൈറലായ വീഡിയോ വ്യക്തമാക്കുന്നത്.
ദുബൈ | യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെയും ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെയും ലണ്ടൻ സന്ദർശന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
ദുബൈ ആസ്ഥാനമായുള്ള പാർക്കേഴ്സ് റെസ്റ്റോറന്റിന്റെ ലണ്ടനിലെ ഔട്ട്പോസ്റ്റിലെ ആദ്യ സന്ദർശകനായിരുന്നു ശൈഖ് മുഹമ്മദ് എന്നാണ് ഇൻസ്റ്റാഗ്രാമിലെ വൈറലായ വീഡിയോ വ്യക്തമാക്കുന്നത്. റെസ്റ്റോറന്റിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. ഇമാറാത്തി സംരംഭകരായ ഡീം അൽ ബസാമും അമൽ അൽ മർറിയും ചേർന്ന് ആരംഭിച്ച കമ്പനിയുടെ ആശയമാണ് പാർക്കേഴ്സ്.
ബ്രിട്ടനിൽ വേനൽക്കാലം ആസ്വദിക്കാനെത്തിയ ഭരണാധികാരി സാധാരണ വസ്ത്രങ്ങൾ ധരിച്ച് റെസ്റ്റോറന്റിലേക്ക് നടക്കുന്നതും പുഞ്ചിരിക്കുന്നതും ആളുകളെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
ശൈഖ് ഹംദാന്റെ മൂന്ന് വയസ്സുള്ള മകൻ റാശിദിനെ ശൈഖ് മുഹമ്മദ് കെട്ടിപ്പിടിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ അദ്ദേഹം അടുത്തിടെ പങ്കിട്ടിരുന്നു. ഇരുവരും സ്‌കോട്ടിഷ് ഹൈലാൻഡ്സ് സന്ദർശിച്ച ദൃശ്യങ്ങളും ആളുകളെ ആകർഷിച്ചിരുന്നു.