Connect with us

lavalin case

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി 31-ാം തവണയും മാറ്റി

ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന സാമ്പത്തിക സംവരണ കേസിലെ വാദം ഉച്ചക്ക് ശേഷവും നടക്കുന്നതിനാലാണ് ലാവലിന്‍ കേസ് മാറ്റിയത്

Published

|

Last Updated

ന്യൂഡല്‍ഹി  എസ് എന്‍ സി ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് പരിഗണിക്കുന്ന സാമ്പത്തിക സംവരണ കേസിലെ വാദം ഉച്ചക്ക് ശേഷവും നീളുന്നതിനെത്തുടര്‍ന്നാണ് ലാവലിന്‍ കേസ് മാറ്റിയത്. കൂടാതെ സി ബി ഐ കേസിലെ എട്ടാം പ്രതി ഫ്രാന്‍സിസ് കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ഇതും കോടതി പരിഗണിച്ചതായാണ് വിവരം.

ഇതോടെ ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുന്നതിന്റെ എണ്ണം 31 ആയി. ഇന്ന് ഉച്ചക്ക് രണ്ടിന് പരിഗണിക്കാനായിരുന്നു നേരത്തെ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സാമ്പത്തിക സംവരണ കേസ് വാദം പൂര്‍ത്തിയായില്ലെങ്കില്‍ കേസ് മാറ്റിവെച്ചേക്കുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനയടക്കമുള്ള ആരോപണ വിധേയരെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി ബി ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ശക്തമായ തെളിവ് സി ബി ഐ നല്‍കണമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യുയു ലളിത് നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് കോടതികള്‍ ഒരേ വിധി നല്‍കിയതിനാല്‍ ശക്തമായ തെളിവുണ്ടെങ്കിലേ വിചാരണക്ക് ഉത്തരവിടാനാകൂ എന്ന സന്ദേശമാണ് കോടതി അന്നു നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില കുറിപ്പുകളുമായായിരുന്നു സി ബി ഐ ഇന്ന് കോടതിയിലെത്തിയത്. എന്നാല്‍ കേസ് കോടതി മാറ്റിവെക്കുകയായിരുന്നു.

 

 

 

Latest