Connect with us

National

ബലാത്സംഗത്തിനിരയായ 14 കാരിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി സുപ്രീംകോടതി

ഗര്‍ഭഛിദ്രത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ മുബൈ സയണിലെ ആശുപത്രിക്ക് കോടതി നിര്‍ദേശം നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി | ബലാത്സംഗത്തിനിരയായ 14 കാരിക്ക് ഗര്‍ഭഛിദ്രം ചെയ്യാന്‍ സുപ്രീംകോടതി അനുമതി. 30 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാനാണ് സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് അനുമതി നല്‍കിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതിയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഓരോ മണിക്കൂറും പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് നിര്‍ണായകമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാതിരുന്ന ബോംബെ ഹൈക്കോടതി വിധി തള്ളി. ഗര്‍ഭഛിദ്രത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ മുബൈ സയണിലെ ആശുപത്രിക്ക് കോടതി നിര്‍ദേശം നല്‍കി.

ഗര്‍ഭഛിദ്രം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കുട്ടിയുടെ മാതാവാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2023 ഫെബ്രുവരിയില്‍ കാണാതായ കുട്ടിയെ മൂന്ന് മാസങ്ങള്‍ കഴിഞ്ഞ് രാജസ്ഥാനില്‍ നിന്നാണ് കണ്ടെത്തിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കാണാതായ സമയത്ത് കുട്ടി ബലാത്സംഗത്തിന് ഇരയാവുകയായിരുന്നെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.

നേരത്തെ കുട്ടിയുടെ ശാരീകിക നില പരിശോധിക്കാന്‍ വിദഗ്ധ സംഘത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭഛിദ്രം നടത്തിയാല്‍ കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന് അറിയിക്കാനായിരുന്നു നിര്‍ദേശം.
കുട്ടിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം ആശുപത്രി അധികൃതര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിച്ചത്.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി നിയമം അനുസരിച്ച് 24 ആഴ്ച വരെ പ്രായമായ ഗര്‍ഭമാണ് അലസിപ്പിക്കാനാവുക.

 

Latest