Kerala
ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് അടക്കം നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വ്യക്തിഗതമായി പരിഗണിക്കുന്നതിനായി കോടതി കേസ് വീണ്ടും കേരള ഹൈക്കോടതിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി | ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അടക്കമുള്ള നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികള്‍ക്ക് മൂുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വ്യക്തിഗതമായി പരിഗണിക്കുന്നതിനായി കോടതി കേസ് വീണ്ടും കേരള ഹൈക്കോടതിയിലേക്ക് മാറ്റി. നാലാഴ്ചയ്ക്കകം ഹര്‍ജി തീര്‍പ്പാക്കണം. അഞ്ചാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകള്‍ കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രതികള്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നതു ഗുരുതരമായ ആരോപണങ്ങളാണെന്നും സിബിഐ ആരോപിച്ചു.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ചില വസ്തുതകള്‍ കണക്കിലെടുക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം നടത്തിയത് എന്ന വസ്തുത ഹൈക്കോടതി കണക്കിലെടുക്കാത്തത് പിഴവാണെന്നായിരുന്നു ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം