National
സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിച്ചില്ല
വെള്ളിയാഴ്ച സുപ്രീം കോടതിയുടെ ഒരു ബഞ്ചിലുമുള്ള കേസ് പട്ടികയിലും കാപ്പന്റെ ജാമ്യാപേക്ഷ ഉള്‍പ്പെടുത്തിയില്ല.
ന്യൂഡല്‍ഹി | യു പിയിലെ ഹത്‌റാസിലുണ്ടായ കൂട്ട ബലാത്സംഗ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തി ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിച്ചില്ല. അപേക്ഷ സുപ്രീം കോടതിയിലെത്താന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ, കേസ് അടിയന്തരമായി പരിഗണിക്കണമെന്ന കാപ്പന്റെ അഭിഭാഷകന്റെ ആവശ്യം അംഗീകരിക്കുകയും വെള്ളിയാഴ്ച പരിഗണിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, വെള്ളിയാഴ്ച സുപ്രീം കോടതിയുടെ ഒരു ബഞ്ചിലുമുള്ള കേസ് പട്ടികയിലും കാപ്പന്റെ ജാമ്യാപേക്ഷ ഉള്‍പ്പെടുത്തിയില്ല.
അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച് 20 ദിവസം മുമ്പ് മാത്രമാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഈ ഉത്തരവും ജയില്‍ സൂപ്രണ്ടിന്റെ കസ്റ്റഡി സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ താമസിച്ചതിനാലാണ് അപേക്ഷ നല്‍കാന്‍ വൈകിയതെന്നും കാപ്പന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു.