Kerala
ആറ് ചർച്ചുകളുടെ ഭരണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ യാക്കോബായ സഭക്ക് സുപ്രിം കോടതി നിർദേശം
ചർച്ചുകളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവയിൽ എല്ലാ വിഭാഗത്തെയും പ്രവേശിപ്പിക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കോടതി നിർദേശംനൽകി
ന്യൂഡൽഹി | സംസ്ഥാനത്തെ ആറ് ചർച്ചുകളുടെ ഭരണം രണ്ടാഴ്ചക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ യാക്കോബായ സഭക്ക് സുപ്രിം കോടതി നിർദേശം. എറണാകുളം, പാലക്കാട് ജില്ലകളിലെ തർക്കം നിലനിൽക്കുന്ന ആറ് ചർച്ചുകളാണ് കൈമാറാൻ നിർദേശിച്ചിരിക്കുന്നത്. അതേസമയം ചർച്ചുകളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവയിൽ എല്ലാ വിഭാഗത്തെയും പ്രവേശിപ്പിക്കണമെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കോടതി നിർദേശംനൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിർദേശം.
മലങ്കര സഭയ്ക്കു കീഴിലുള്ള 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കോടതി നിർദേശം. 2017-ലെ വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത യാക്കോബായ വിഭാഗത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി യാക്കോബായ സഭയുടെ ആവശ്യങ്ങൾ കേൾക്കണെമെങ്കിൽ ചർച്ചുകളുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്നും നിർദേശിച്ചു.
മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൗഹൃദപരമായി പരിഹരിക്കാനാണ് സുപ്രീം കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഓര്‍ത്തഡോക്‌സ്- യാക്കോബായ തർക്കത്തിലുള്ള ചർച്ചുകളുടെ ഭരണം ഏറ്റെടുക്കാൻ പോലീസിനെ അയക്കുന്നതിനെ കോടതി വിമർശിച്ചു. ചർച്ചുകൾ മത സ്ഥാപനങ്ങളാണ്. അവിടേക്ക് പോലീസിനെ അയക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.