Connect with us

National

ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് വിമത എം എല്‍ എ മാരെ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ഹിമാചല്‍ പ്രദേശ് സ്പീക്കര്‍ കുല്‍ദീപ് സിംഗിന്റെ ഓഫീസിലേക്ക് സുപ്രീംകോടതി നോട്ടീസയച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് വിമത എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് ക്രോസ് വോട്ട് ചെയ്തതിനാണ് ആറ് കോണ്‍ഗ്രസ് എം എല്‍ എ മാരെ സ്പീക്കര്‍ കുല്‍ദീപ് സിംഗ് പതാനിയ അയോഗ്യരാക്കിയത്.

അയോഗ്യത ചോദ്യം ചെയ്ത് വിമത എം എല്‍ എ മാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ ഹിമാചല്‍ പ്രദേശ് സ്പീക്കര്‍ കുല്‍ദീപ് സിംഗിന്റെ ഓഫീസിലേക്ക് സുപ്രീംകോടതി നോട്ടീസയച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദിപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഹരജിയില്‍ തീര്‍പ്പാകും വരെ വിമത എം എല്‍ എ മാര്‍ അസംബ്ലി നടപടികളില്‍ പങ്കെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വിമത എം എല്‍ എമാര്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെ നിയമസഭയില്‍ ധനകാര്യ ബില്ലിലും സര്‍ക്കാര്‍ വിരുദ്ധ സമീപനം സ്വീകരിച്ചിരുന്നു. സര്‍ക്കാറിന് അനുകൂലമായി വോട്ട് ചെയ്യാനുള്ള വിപ്പ് ലംഘിച്ചതോടെയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.

രജീന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടൂ, രവി താക്കൂര്‍, ചേതന്യ ശര്‍മ എന്നിവരാണ് അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍. ഇവരുടെ അയോഗ്യതയെ തുടര്‍ന്ന് സഭയിലെ അംഗബലം 68ല്‍ നിന്ന് 62 ആയി കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 40ല്‍ നിന്ന് 34 ആയി ചുരുങ്ങി.

 

Latest