National
നീറ്റ് പിജി പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
രണ്ട് ലക്ഷത്തി ആറായിരത്തോളം ഡോക്ടര്‍മാര്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നീറ്റ്-പിജി മാറ്റിവയ്ക്കുന്നത് ഈ ഡോക്ടര്‍മാരുടെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്നും കോടതി
ന്യൂഡല്‍ഹി | നാഷണല്‍ എലിജിബിലിറ്റി കം എന്ട്രന്‌സ് ടെസ്റ്റ് ഫോര് പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പിജി 2022) പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും ഇത് രോഗികളുടെ പരിചരണത്തെയും ഡോക്ടര്‍മാരുടെ കരിയറിനെയും ബാധിക്കുമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രോഗികളുടെ പരിചരണത്തിന്റെ ആവശ്യകത പരമപ്രധാനമാണെന്നും കോടതി പറഞ്ഞു.
രണ്ട് ലക്ഷത്തി ആറായിരത്തോളം ഡോക്ടര്‍മാര്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നീറ്റ്-പിജി മാറ്റിവയ്ക്കുന്നത് ഈ ഡോക്ടര്‍മാരുടെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് സൃഷ്ടിക്കുവാനും നീട്ടിവെക്കല്‍ കാരണമാകുമെന്ന് കോടതി വിലയിരുത്തി.
നീറ്റ്-പിജി പരീക്ഷകള്‍ മെയ് 21 ന് ആരംഭിക്കുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മാറ്റിവയ്ക്കണമെന്നും എട്ടാഴ്ചയ്ക്ക് ശേഷം പരീക്ഷയുടെ പുതിയ തീയതി അറിയിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി. മുതിര്‍ന്ന അഭിഭാഷകരായ രാകേഷ് ഖന്ന, ആനന്ദ് ഗ്രോവര്‍, പി വില്‍സണ്‍ എന്നിവര്‍ ഹര്‍ജിക്കാരന് വേണ്ടി ഹാജരായി.
നീറ്റ് പി ജി 2021 കൗണസിലിംഗിനും നീറ്റ് പിജി 2022 പ്രവേശ പരീക്ഷക്കും ഇടയില്‍ വേണ്ടത്ര ഇടവേളയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരീക്ഷ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യമുന്നയിച്ചത്. കൊവിഡ് ഡ്യൂട്ടിയില്‍ പ്രവര്‍ത്തിച്ച നിരവധി ഇന്റേണുകള്‍ക്ക് അവരുടെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നതും പരീക്ഷ നീട്ടാന്‍ കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.