National
എന്തിലും വര്‍ഗീയത കാണുക എന്നത് ചില മാധ്യമങ്ങളുടെ സ്വഭാവമായി മാറിയെന്ന് സുപ്രീംകോടതി
വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല, സമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ ശക്തരായ ആളുകള്‍ പറയുന്നതുമാത്രമാണ് കേള്‍ക്കുന്നത്. ജഡ്ജിമാരെയും സാധാരണക്കാരെയും വകവെക്കാറില്ല.
ന്യൂഡല്‍ഹി| എന്തിനും ഏതിലും വര്‍ഗീയത കാണുക എന്നത് ചില മാധ്യമങ്ങളുടെ സ്വഭാവമായി മാറിയെന്നും ഇത് കാരണം രാജ്യാന്തരതലത്തില്‍ ഇന്ത്യക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും സുപ്രീംകോടതി. ഒരു നിയന്ത്രണ സംവിധാനത്തിന്റെ അഭാവത്തില്‍ വെബ് പോര്‍ട്ടലുകളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും വ്യാജ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതായും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല, സമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ ശക്തരായ ആളുകള്‍ പറയുന്നതുമാത്രമാണ് കേള്‍ക്കുന്നത്. ജഡ്ജിമാരെയും സാധാരണക്കാരെയും വകവെക്കാറില്ല. ട്വിറ്ററും ഫെയ്‌സ് ബുക്കും യു ട്യൂബും സുപ്രീംകോടതിയോട് പ്രതികരിക്കാറില്ല. പല സ്ഥാപനങ്ങളെയും മോശമായി ചിത്രീകരിച്ചത് അവരുടെ അവകാശമെന്നാണ് പറയുന്നത്, ചീഫ് ജസ്റ്റിസ് എന്‍ വി രമണയും ജസ്റ്റിസ് സൂര്യകാന്തും ഉള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ധാരാളം കാര്യങ്ങളാണ് യു ട്യൂബില്‍ വരുന്നത്. വെബ് പോര്‍ട്ടലുകള്‍ക്ക് യാതൊരു നിയന്ത്രണച്ചട്ടവുമില്ല. വര്‍ഗീയത നിറഞ്ഞ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. അത് വലിയ പ്രശ്നമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.