National
പേപ്പര്‍ ബാലറ്റ് പുനസ്ഥാപിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ മാത്രം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ വി എം) വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നേതാക്കളുടെ പ്രവണത അംഗീകരിക്കാനാകില്ലെന്ന് കോടതി
ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റ് പുനഃസ്ഥാപിക്കണമെന്ന പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. ഹരജിക്കാരനായ സുവിശേഷകന്‍ ഡോ. കെ എ പോളിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവര്‍ കണ്ടെത്തി.
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോള്‍ മാത്രം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇ വി എം) വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നേതാക്കളുടെ പ്രവണത അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമമില്ലെന്നും പരാജയപ്പെടുമ്പോള്‍ ഇ വി എമ്മില്‍ ക്രമക്കേടുണ്ടെന്നും പറയുന്നതില്‍ എന്ത് ന്യായമാണുള്ളതെന്ന് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു.
ഇ വി എമ്മില്‍ കൈകടത്തലുണ്ടായെന്ന് ചന്ദ്രബാബു നായിഡുവിനെയും വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഢിയെയും പോലുള്ള നേതാക്കള്‍ ആരോപിച്ചിട്ടുള്ള കാര്യം പോള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നേതാക്കള്‍ തോല്‍ക്കുമ്പോള്‍ ഇ വി എമ്മില്‍ ക്രമക്കേടുണ്ടെന്ന് പറയുന്നു. ജയിക്കുമ്പോള്‍ ഇ വി എമ്മിനെതിരെ ഒന്നും പറയുന്നുമില്ല. ഇത് എങ്ങനെ അംഗീകരിക്കാനാകും. ഈ ഹരജി തള്ളുകയാണ്. ഇത്തരം വാദങ്ങള്‍ ഉന്നയിക്കാനുള്ള വേദിയല്ല ഇത്.- ബഞ്ച് വ്യക്തമാക്കി.