Connect with us

National

കേസുകളിൽ ഹിന്ദിയിൽ വാദം നടത്തണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കക്ഷികൾ സുപ്രീം കോടതിയിൽ കേസുകൾ സമർപ്പിക്കുന്ന സാഹചര്യത്തിൽ ഹിന്ദി ഭാഷയ്ക്കു മാത്രം പ്രത്യേക ആശ്വാസം തേടുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ്

Published

|

Last Updated

ന്യൂഡൽഹി | സുപ്രീം കോടതിയിലെ വാദം ഹിന്ദിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഭരണഘടനയിലെ 348(1) വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും എല്ലാ നടപടികളും ഇംഗ്ലീഷ് ഭാഷയിൽ നടത്തണമെന്നാണ് ഭരണഘടനയിലെ 348(1) വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കക്ഷികൾ സുപ്രീം കോടതിയിൽ കേസുകൾ സമർപ്പിക്കുന്ന സാഹചര്യത്തിൽ ഹിന്ദി ഭാഷയ്ക്കു മാത്രം പ്രത്യേക ആശ്വാസം തേടുന്നത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഭരണഘടന അംഗീകരിച്ച എല്ലാ ഭാഷകളിലും വാദം കേൾക്കണമോ? അങ്ങനെയങ്കിൽ കോടതി എങ്ങനെ പ്രവർത്തിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ഭരണഘടനയുടെ ഭാഗമായ വ്യവസ്ഥയുടെ സാധുത എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

സുപ്രീം കോടതിയിലെ ഭാഷാപരമായ തടസ്സം നീതി നിഷേധത്തിലേക്ക് നയിക്കുന്നുവെന്നാണ് ഹർജിക്കാരൻ വാദിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ കേൾക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തള്ളുകയായിരുന്നു.