Connect with us

National

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി

റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. തമിഴ്നാട്ടിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ നേരത്തെ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. റൂട്ട് മാര്‍ച്ചിന് മൂന്ന് തീയതികള്‍ നിര്‍ദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചതോടൊപ്പം ആരെയും പ്രകോപിക്കാതെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആര്‍എസ്എസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ആര്‍.മഹാദേവന്‍, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ചിന്റെ ഉത്തരവ്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി റൂട്ട് മാര്‍ച്ച് നടത്താനുള്ള ആര്‍എസ്എസിന്റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.

 

 

Latest