Connect with us

National

യു പി മദ്റസാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കാേടതി സ്റ്റേ ചെയ്തു

മദ്രസാ നിയമത്തിലെ വ്യവസ്ഥകൾ മനസ്സിലാക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | ഉത്തർപ്രദേശ് മദ്രസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ ഇടക്കാല സ്റ്റേ. മദ്രസാ നിയമത്തിലെ വ്യവസ്ഥകൾ മനസ്സിലാക്കുന്നതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്നും ഈ നിയമം മതേതരത്വ തത്വത്തിന് എതിരാണെന്ന ഹൈക്കോടതിയുടെ വിശ്വാസം തെറ്റാണെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഹരജികളിൽ കേന്ദ്രത്തിനും യുപി സർക്കാരിനും യുപി മദ്രസ വിദ്യാഭ്യാസ ബോർഡിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. മെയ് 31നകം മറുപടി നൽകാൻ യുപി, കേന്ദ്ര സർക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ രണ്ടാംവാരം ഹരജികളിൽ വീണ്ടും വാദം കേൾക്കും. അതുവരെയാണ് ഹൈക്കോടതി വിധിക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

യുപി ബോർഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം 2004 മതേതര തത്വങ്ങൾക്ക് എതിരാണെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രഖ്യാപിച്ചാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കഴിഞ്ഞ മാസം നിയമം റദ്ദാക്കിയത്. മദ്രസ വിദ്യാർത്ഥികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറ്റണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽ സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. ഈ വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ് സുപ്രീം കോടതി നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്,  ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഹൈക്കോടതി, നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കി, വിദ്യാർത്ഥികളെ സ്ഥലം മാറ്റാനാണ് നിർദ്ദേശം നൽകിയത്. ഇത് 17 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുമെന്നും വിദ്യാർഥികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റാനുള്ള നിർദ്ദേശം ആവശ്യമില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും വാദം കേൾക്കവെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.  മദ്രസകൾ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകൾ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ മതേതര വിദ്യാഭ്യാസം നൽകുന്നുവെന്ന് ഉറപ്പാക്കുകയാണ് പൊതുതാൽപര്യ ഹരജിയുടെ ഉദ്ദേശമെങ്കിൽ, 2004ലെ മദ്രസ നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കലല്ല പരിഹാരമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

സംസ്ഥാനം ഹൈക്കോടതിയിൽ നിയമത്തെ ന്യായീകരിച്ചത് നമ്മൾ അംഗീകരിക്കണോ എന്ന് സുപ്രീം കോടതി യുപി സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജനോട് ചോദിച്ചു. എന്നാൽ ഞങ്ങൾ ഹൈക്കോടതിയിൽ വാദിച്ചുവെങ്കിലും ഹൈക്കോടതി നിയമം റദ്ദാക്കിയതിനെത്തുടർന്ന് ആ തീരുമാനം അംഗീകരിച്ചുവെന്നായിരുന്നു നടരാജന്റെ മറുപടി.

മദ്റസാ ബോർഡ് നിയമം റദ്ദാക്കാൻ ഹൈക്കോടതിക്ക് അവകാശമില്ലെന്ന് മദ്രസ ബോർഡിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി കോടതിയിൽ വ്യക്തമാക്കി. മത വിദ്യാഭ്യാസം എന്നത് മതപരമായ പ്രബോധനമല്ലെന്നും ഹൈക്കോടതി ഉത്തരവ് 10,000 മദ്രസ അധ്യാപകരെയും 17 ലക്ഷം വിദ്യാർത്ഥികളെയും വലയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്രസ വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്നും സാർവത്രിക സ്വഭാവമുള്ളതല്ലെന്നും വിശാലാടിസ്ഥാനത്തിലുള്ളതല്ലെന്നും പറയുന്നത് തെറ്റാണെന്ന് സിംഗ്വി വാദിച്ചു. നിരോധനത്തിനായി മദ്രസകളെ ഒറ്റപ്പെടുത്തുന്നത് വിവേചനപരമാണെന്നും 2002ലെ അരുണ റോയ് vs യൂണിയൻ ഓഫ് ഇന്ത്യ വിധിയിൽ സുപ്രീം കോടതി അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.