Kerala
ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും; ബഫര്‍ സോണില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍
ഒരു കിലോമീറ്ററിനകത്ത് ജനവാസ മേഖലയുണ്ടോയെന്ന് പരിശോധിക്കും. ഉപഗ്രഹ സര്‍വേകളില്‍ എല്ലാവര്‍ക്കു പരാതി അറിയിക്കാം. ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതി പരാതികള്‍ പരിശോധിക്കും.
തിരുവനന്തപുരം | ബഫര്‍ സോണ്‍ വിഷയത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ബഫര്‍ സോണില്‍ ജനവാസ കേന്ദ്രം ഉണ്ടെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഒരു കിലോമീറ്ററിനകത്ത് ജനവാസ മേഖലയുണ്ടോയെന്ന് പരിശോധിക്കും.
ഉപഗ്രഹ സര്‍വേ സര്‍ക്കാര്‍ വിഴുങ്ങിയിട്ടില്ല. ഉപഗ്രഹ സര്‍വേകളില്‍ എല്ലാവര്‍ക്കു പരാതി അറിയിക്കാം. ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതി പരാതികള്‍ പരിശോധിക്കും. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുകയെന്നും പരാതികള്‍ കേള്‍ക്കാന്‍ കൂടുതല്‍ സമയം വേണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നേരിട്ടുള്ള സര്‍വേയാണ് നടത്തേണ്ടതെന്നും ഉപഗ്രഹ സര്‍വേ അവ്യക്തമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഉപഗ്രഹ സര്‍വേ കോടതിയില്‍ സമര്‍പ്പിച്ചാല്‍ കേരളത്തിന് തിരിച്ചടിയുണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു. ബഫര്‍ സോണ്‍ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.