Connect with us

lavlin case

ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 13ന് പരിഗണിക്കും

കേസ് ലിസ്റ്റില്‍ നിന്ന് മാറ്റരുതെന്ന് ജസ്റ്റിസ് യു യു ലളതിന്റെ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കും. കേസ് അന്ന് തന്നെ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു. പിണറായി വിജയന്‍ അടക്കമുള്ള ഏതാനും പേരെ കുറ്റമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ നല്‍കിയ അപ്പീലിലാണ് വാദം കേള്‍ക്കുക. കേസ് ലിസ്റ്റില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദേശം നല്‍കി. സി ബി ഐ നല്‍കിയ ഹരജിക്കൊപ്പം കേസിലെ മൂന്ന് പ്രതികള്‍ നല്‍കിയ ഹരജികളും ഇതിനൊപ്പം പരിഗണിക്കും.

ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ് എസ് എന്‍ സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് അടിസ്ഥാനം. ഈ കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താത്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവ്‌ലിന്‍ കേസിലെ പ്രധാന ആരോപണം.

1995 ആഗസ്റ്റ് പത്തിന് യു ഡി എഫ് സര്‍ക്കാറിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാര്‍ത്തികേയനാണ് ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പുവെക്കുന്നത്. പിന്നീട് ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും കാര്‍ത്തികേയന്‍ തന്നെയായിരുന്നു. തുടര്‍ന്നുവന്ന ഇടത് സര്‍ക്കാറിലെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു അന്തിമ കരാര്‍ ഒപ്പിട്ടത്. തുടര്‍ന്ന് കരാര്‍ പ്രാകരമുള്ള പണി പൂര്‍ത്തിയാകുമ്പോഴേക്കും കടവൂര്‍ ശിവദാസന്‍, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയ നാല് വൈദ്യുതമന്ത്രിമാര്‍ മാറിവന്നിരുന്നു.

ഇത് സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ ആദ്യം അന്വേഷിച്ച വിജിലന്‍സ് പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് സി ബി ഐ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ പോലും കഴിയില്ലെന്ന് സി ബി ഐ കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും ഇത് അംഗീകരിച്ചു. തുടര്‍ന്നാണ് സി ബി ഐ സുപ്രീം കോടതിയെ സമീപിച്ചത്.

Latest