Connect with us

From the print

ഉരുളെടുത്ത നാടിന്റെ അതിജീവനാനുഭവം

നിറഞ്ഞ സദസ്സിൽ അരങ്ങിലേറി നാടകങ്ങൾ

Published

|

Last Updated

തിരുവനന്തപുരം | ഒരു നാടിനെ ഒന്നായി ഉരുളെടുത്ത വയനാട്ടിലെ വെള്ളാർമലയുടെ ജീവിതാനുഭവവുമായി ദുരന്തഭൂമിയിലെ കുരുന്നുകൾ അരങ്ങിലെത്തി. പലരുടെയും ഓർമകളിലേക്ക് ആ ഇരുണ്ട രാത്രി ഒരിക്കൽ കൂടി വരച്ചിട്ടതോടെ സദസ്സ് മൂകമായി. കേരളത്തിന്റെ മുഴുവൻ സ്നേഹവും കരുതലുമായി മാറിയ വെള്ളാർമല ജി വി എച്ച് എസ് എസിലെ 17 അംഗ സംഘമാണ് ഹൈസ്‌കൂൾ നാടക മത്സരത്തിൽ ഉള്ളുപൊട്ടുന്ന ജീവിതാനുഭവവുമായെത്തിയത്. വഴുതക്കാട് ടാഗോർ തിയേറ്ററിൽ അരങ്ങേറിയ മത്സരത്തിൽ നടനവൈഭവം കൊണ്ടും കുരുന്നുകൾ കാണികളെ കൈയിലെടുത്തു.
മഹാ ദുരന്തം കണ്മുന്നിൽ കണ്ടവർ അരങ്ങിലും അതിജീവനത്തിന്റെ വിസ്മയം വിരിയിക്കുകയായിരുന്നു. പരിശീലനകാലത്ത് നടുക്കുന്ന ഓർമകളിൽ കുട്ടികൾ വിങ്ങിപ്പൊട്ടാറുണ്ടായിരുന്നുവെന്ന് അധ്യാപകർ പറയുന്നു.

മല വെള്ളം കുത്തിയൊലിച്ചെത്തി എല്ലാം നഷ്ടപ്പെട്ട ദുരന്തകാലത്ത് സ്നേഹം പകർന്ന, ആശ്വസിപ്പിച്ച മനുഷ്യരെ ചേർത്തുപിടിക്കുന്നതായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. പ്രകൃതി ദുരന്തം താണ്ഡവമാടിയ തകഴിയുടെ വെള്ളപ്പൊക്കത്തിൽ എന്ന നോവലിനെ ആസ്പദമാക്കിയാണ് നാടകത്തിന്റെ കഥാബീജമെങ്കിലും സ്വന്തം അനുഭവം തന്നെയാണ് പകർന്നാടിയത്. നാടകത്തിലെ മുഖ്യ കഥാപാത്രത്തെ അരങ്ങിലെത്തിച്ചത് അമൽജിത്താണ്. ദുരന്തത്തിൽ ഒലിക്കാതെ അവശേഷിച്ച നാടിന്റെ ഒരു ഭാഗത്തെയും തന്റെയും അനുഭവങ്ങൾ തന്നെയാണ് അമൽജിത്ത് അവതരിപ്പിച്ചത്. ഇവരുടെ കൂടെ പഠിച്ച സഹപാഠികളിൽ മിക്കവരും ഇന്നില്ല. കാൽചുവട്ടിലെ മണ്ണോടെ അവരെയൊന്നടങ്കം ഉരുളെടുത്തു. വി കെ അയാൻ, മുഹമ്മദ് അൻസിൽ, കെ ആർ നിരഞ്ജൻ, സായൂജ് ആർ നായർ, പി വി നിവേദിത, എ വി വൈഗ എന്നിവരും നാടകത്തിൽ വേഷമിട്ടു. ആർ അർച്ചന, അനുഷ് സത്യൻ, എം ബി അനന്യ എന്നിവരാണ് പിന്നണിയിൽ.

നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് നാടകങ്ങളെല്ലാം അരങ്ങിലെത്തിയത്. ആസ്വാദകർ മത്സരം തുടങ്ങുന്നതിന് മുന്നേ ഇരിപ്പടങ്ങൾ സ്വന്തമാക്കിയിരുന്നു. വൈകിയെത്തിയവർക്ക് ഹാളിനകത്തേക്ക് പ്രവേശിക്കാനായില്ല.