Cover Story
കാലത്തെ അതിജീവിച്ച വായനാവിപ്ലവം
കാലാകാലങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട ഫാസിസ്റ്റ് ശക്തികൾക്കുള്ള പൊതു സ്വഭാവമായിരുന്നു പുസ്തക ഭയം. അതുകൊണ്ട് തന്നെ വായനയെ നിർണയിക്കാനും നിയന്ത്രിക്കാനും വിവിധ കാലങ്ങളിൽ ഫാസിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. വായനയും എഴുത്തുമൊക്കെ കേവലം വിനോദ മാർഗങ്ങൾ മാത്രമല്ല മറിച്ച് സമൂഹ നന്മക്കായുള്ള പോരാട്ടങ്ങളുടെ ആയുധം കൂടിയാണ്. ഒരു ഗ്രാമത്തെ അറിവിലൂടെ സമ്പന്നമാക്കുന്ന കുളപ്പുറം വായനശാല മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്. വായനയെ നെഞ്ചോടു ചേർത്തുവെച്ചു കൊണ്ട് കാലത്തെ അതിജീവിക്കുന്ന വായനാ വിപ്ലവം ഇന്നും തുടരുന്ന ഒരു ഗ്രാമത്തിന്റെയും അവിടുത്തെ വായനശാലയുടെയും ചരിത്രം ഇന്നത്തെ വായനാ ദിനത്തിൽ പ്രസക്തമാകുന്നു.
വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ – ബെർതോൾഡ് ബ്രെഹ്ത്
വായന മനുഷ്യനെ പൂർണനാക്കുന്നു. മനുഷ്യന്റെ സംസ്കാര നിർമിതിയിലും സാമൂഹിക നിലപാട് രൂപവത്കരണത്തിലും വായനക്ക് അനിർവചനീയമായ സ്ഥാനമുണ്ട്. സാക്ഷരതയിൽ കേരള സമൂഹത്തിന് ഒന്നാമതെത്താൻ സഹായമായത് വായനയിൽ മലയാളി കാണിക്കുന്ന താത്പര്യമാണ്. സാമൂഹിക ബോധവും ജനാധിപത്യ ബോധവുമുള്ള ഒരു ജനതയെ വളർത്തിയെടുക്കാൻ നല്ല വായനകൾക്കും നല്ല എഴുത്തുകൾക്കും കഴിയും. എന്നാൽ പുതിയ കാലം കാഴ്ചയുടെതാണ്. ഇന്ന് വായനയില്‍ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേള്‍വിയിലൂടെയും വായിച്ചുകൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ പുതിയ സംസ്‌കാരം മാറുന്നു. അതുകൊണ്ടു തന്നെ വായനയെ നെഞ്ചോടു ചേർത്തുവെച്ചു കൊണ്ട് കാലത്തെ അതിജീവിക്കുന്ന വായനാ വിപ്ലവം ഇന്നും തുടരുന്ന ഒരു ഗ്രാമവും അവിടുത്തെ വായനശാലയുടെയും ചരിത്രം ഇന്നത്തെ വായനാ ദിനത്തിൽ പ്രസക്തമാകുന്നു. കണ്ണൂർ ജില്ലയിലെ കുളപ്പുറം ഗ്രാമവും അവിടുത്തെ വായനശാലയുമാണ് വായന സംസ്കാരത്തിന് പുതിയ ദിശാബോധം നൽകി തലയെടുപ്പോടെ നിലകൊള്ളുന്നത്.
കേരളത്തിന്റെ സാംസ്കാരിക വിദ്യാഭ്യാത്തിന്റെ വികസനത്തിന് ഗ്രാമീണ വായനശാലകൾ വഹിച്ച പങ്ക് വളരെ വലുതാണ്. സാമൂഹിക പരിവർത്തനത്തിന്റെ ചാലക ശക്തിയായി അതിനു നേതൃത്വം നൽകുന്ന പൊതു ഇടങ്ങൾ ആണ് അവയിൽ ഭൂരിഭാഗവും. അത്തരമൊരു ഇടമാണ് കുളപ്പുറം വായനശാല ആൻഡ് ഗ്രന്ഥാലയം. വായനയിലൂടെ ഒരു ഗ്രാമത്തിനെ നെഞ്ചിലേറ്റിയ കുളപ്പുറം വായനശാല ഇന്ന് കുളപ്പുറം ഗ്രാമത്തിന്റെ ആത്മാവാണ്.
സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട നാളുകളിൽ ഒത്തുചേരാൻ ഒരിടം വേണം എന്ന ചിന്തയാണ് കുളപ്പുറം യംഗ്് മെൻസ് ക്ലബ്ബ് & റീഡിംഗ് റൂം’ എന്ന ക്ലബ്ബിന് ജന്മം നൽകിയത്. കുളപ്പുറം വായനശാല &ഗ്രന്ഥാലയത്തിന്റെ ആദ്യ രൂപം. 1952ൽ ഈ ക്ലബ്ബ് തെക്കടവൻ രാമേട്ടന്റെ പറമ്പിൽ ടി വി കുഞ്ഞിരാമൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങി. പിന്നീട് വായനശാലക്ക് സ്വന്തമായ ഒരു കെട്ടിടം വേണമെന്ന് ആലോചന രൂപം കൊണ്ടു. 1960 ൽ ചെറുതാഴം പഞ്ചായത്തിന്റെയും, വികസന ബ്ലോക്കിന്റെയും സാമ്പത്തിക സഹായത്തോടെ ഒരു സാമൂഹിക വിനോദ കേന്ദ്രം ഉയർന്നുവന്നു.
1975 കളിൽ അടിയന്തരാവസ്ഥ നിലവിൽ വരികയുണ്ടായി. വ്യക്തി സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഒരു പോലെ ഹനിക്കപ്പെട്ടിരുന്ന കാലം. പല ഗ്രാമീണ വായനശാലകളും നശിപ്പിക്കപ്പെട്ടു. കുളപ്പുറം വായനശാലയും ആക്രമിക്കപ്പെട്ടു. പുസ്തകങ്ങൾ അഗ്നിക്കിരയാക്കി. പിന്നീട് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ അറ്റകുറ്റപ്പണികൾ തീർത്ത് വായനശാല പ്രവർത്തനം പുനഃസ്ഥാപിക്കുകയും സജീവമാകുകയും ചെയ്തു. ത്യാഗോജ്ജ്വലമായ ജീവിതം കൊണ്ട് ചരിത്രത്തെ അടയാളപ്പെടുത്തിയ കുളപ്പുറത്തിന്റെ പിന്മുറക്കാർ പാരമ്പര്യത്തിന്റെ ഉലയൂതി ജ്വലിപ്പിച്ച് അർപ്പണ ബോധത്തോടെ നിലകൊണ്ടു. 1996 ൽ തുടങ്ങിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായി അഭിമാനകരമായ മൂന്ന് നില കെട്ടിടം 2001 ൽ പണിപൂർത്തിയായി.
വായനയിലൂടെവളർന്ന ഗ്രാമം
സംസ്ഥാനത്ത് തന്നെ വളരെ മാതൃകാ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗ്രന്ഥശാല കുളപ്പുറം വായനശാലയുടെ മുതൽകൂട്ടാണ്. വിവിധ വിഭാഗങ്ങളിലായി ഇരുപത്തി അയ്യായിരത്തോളം വരുന്ന പുസ്തകങ്ങൾ, നാൽപ്പതോളം ആനുകാലികങ്ങൾ… വായനാപ്രവർത്തനത്തെ ഊർജസ്വലമാക്കുന്ന ആയിരത്തോളം വരുന്ന അംഗങ്ങൾ, ദിനം പ്രതി ശരാശരി നൂറോളം മെമ്പർമാർ പുസ്തകം എടുക്കുകയും വായിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ലൈബ്രറിയും വനിതാ ലൈബ്രറിയും പ്രത്യേകം പ്രവർത്തിക്കുന്നു. 2006 ൽ കണ്ണൂർ ജില്ലയിലെ മോഡൽ ലൈബ്രറി ആയി തിരഞ്ഞെടുക്കപ്പെട്ടു. തേടിവന്ന പുരസ്കാരങ്ങളിൽ മറ്റൊന്നായിരുന്നു കേരളത്തിലെ മികച്ച ഗ്രാമീണ വായനശാലക്കുള്ള എൻ ഇ ബാലറാം പുരസ്കാരം, അക്ഷര ജ്വാല പുരസ്കാരം എന്നിവ. സ്ത്രീ വായനക്കാരുടെ കാര്യത്തിൽ ഏറെ മുന്നോട്ട് പോയ ഈ ഗ്രാമീണ വായനശാല ഗ്രന്ഥാലയം ഏറ്റവും ജനകീയവും, വികേന്ദ്രീകൃതവുമായ ഇടപെടലുകളിലൂടെ വായനയെ ഇന്നും സജീവമാക്കുന്നു. പൂർണമായും ശീതീകരിച്ച മുഴുവൻ സമയ ലൈബ്രറിയിൽ മൂന്ന് വനിതാ ലൈബ്രറിയേറിയന്മാരുടെ സേവനം ലഭ്യമാണ്. ലൈബ്രറിയുടെ മറ്റൊരു പ്രധാന ഘടകമാണ് ഇ-വായന കോർണർ. പരിയാരം മെഡിക്കൽ കോളജ്, സമീപത്തെ സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും നിരവധിയായ വിദ്യാർഥികൾ റഫറൻസിനും മറ്റുമായി നിത്യേന വായനശാലയിൽ എത്തുന്നുണ്ട്
ജാലകം എന്നഅക്ഷരവിപ്ലവം
ഗ്രന്ഥശാലകൾ വെറും നോക്കുകുത്തികളാകുകയും ദൃശ്യമാധ്യമങ്ങളുടെയും ഇ- മീഡിയകളുടെയും അതിപ്രസരം വായനയെ കൊല്ലുകയും ചെയ്യുന്ന ദുരവസ്ഥയിലാണ് കുളപ്പുറം വായനശാലയുടെ നേതൃത്വത്തിൽ ജാലകം പദ്ധതി തുടങ്ങിയത്. പുസ്തകവായന പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഈ പദ്ധതി തുടക്കം മുതൽ ആവേശകരമായ പ്രതികരണം സൃഷ്ടിച്ചു. വായനശാലകളിൽ എത്താൻ സാധിക്കാത്ത സ്ത്രീകളെ കൂടുതൽ ലക്ഷ്യമിട്ട് നടപ്പാക്കിയ ജാലകത്തിന് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചു. ആഴ്ചയിലൊരിക്കൽ വീടുകളിൽ വായനക്കാരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ എത്തിച്ച് വായനശീലം ഉറപ്പുവരുത്തി. പിന്നീട് വായിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് വായനക്കാർ തന്നെ തയ്യാറാക്കിയ ആസ്വാദന കുറിപ്പുകളുടെ മൂല്യനിർണയം നടത്തുകയും വർഷത്തിലൊരിക്കൽ ഇത്തരം തിരഞ്ഞെടുക്കപ്പെടുന്ന ആസ്വാദന കുറിപ്പുകൾക്ക് ജാലകം അവാർഡ് നൽകുകയും ചെയ്തുവരുന്നു.
വനിതകൾ തന്നെ രചിച്ച് അവർ തന്നെ രൂപകൽപ്പന ചെയ്ത മാസികകൾ ജാലകം സൃഷ്‌ടിച്ച ഉപോത്പന്നമായിരുന്നു. വായന മരിക്കുന്ന വർത്തമാന കാലത്ത് ജാലകം എന്ന കുളപ്പുറം മോഡൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. അർപ്പണബോധത്തോടെ വായനശാല ഈ വായനാവിപ്ലവം ഇന്നും തുടരുകയാണ്.
തുറന്നിട്ട വായനാ മുറികൾ
കൊവിഡ് കാലത്ത് ലോകം മുഴുവൻ അടച്ചിട്ടപ്പോൾ കുളപ്പുറം വായനശാലയുടെ വായന മുറികൾ തുറന്നു തന്നെ കിടന്നു. അടച്ചിടൽ കാലത്ത് സ്വയം ഒതുങ്ങിപ്പോകാതെ വായനയിലൂടെ മനസ്സിനെ സമ്പന്നമാക്കാൻ വനിതാ വേദി ഓൺലൈൻ വഴി നടത്തിയ പുസ്തക ചർച്ചകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 72 സ്ത്രീകൾ 72 പുസ്തകങ്ങൾ വായിക്കുകയും എഴുത്തുകാരെ കൂടി പങ്കെടുപ്പിച്ച് നടത്തിയ പുസ്തക ചർച്ച സ്ത്രീശാക്തീകരണത്തിന്റെ നേർകാഴ്ചയായി. കൊവിഡ് കാലത്ത് മുപ്പതോളം കുട്ടികൾ ബാലസാഹിത്യ കൃതികൾ വായിച്ച് അനുഭവങ്ങൾ പങ്കു വെച്ചും അടച്ചിടലിന്റെ വിരസതയെ മറികടന്നു.
വായനശാലയുടെ അറിവൂഞ്ഞാൽ പരിപാടി വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒന്നാണ്. രണ്ട് മാസം നീണ്ടുനിൽക്കുന്ന അവധിക്കാലം വായിച്ചും അതിലൂടെ കണ്ടെത്തിയ കാര്യം സ്വയം പരീക്ഷിച്ചും വിദ്യാർഥികളുടെ അറിവ് ഉണർത്താനുള്ള അറിവൂഞ്ഞാൽ ഇന്നും കുളപ്പുറം വായനശാലയുടെ അഭിമാന പദ്ധതിയാണ്.
വായനയിലൂടെ സമൂഹത്തിലേക്ക്
സമ്പൂർണ സാക്ഷരതാ യജ്ഞത്തിലേക്ക് വായനശാലാ പ്രവർത്തകർ നടത്തിയ സാക്ഷരതാ പ്രവർത്തനം മുതൽ കുളപ്പുറം അങ്കൺവാടി നിർമാണം, ചെറുതാഴം സ്കൂളിന് ഫർണീച്ചർ വിതരണം തുടങ്ങി ആറുപതിറ്റാണ്ട് കാലത്തെ സാമൂഹിക ഇടപെടലുകൾ അനവധിയാണ്. കുളപ്പുറം ഗ്രാമത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നടപ്പിലാക്കിയവയാണ് അവയെല്ലാം. മാനവിക സ്നേഹത്തിൽ ഉറച്ച് നിന്ന് ജീവകാരുണ്യ പ്രവർത്തനത്തിലും വായനശാല ഇടപെട്ടു. ചികിത്സാ സഹായങ്ങൾ, വീട് നിർമാണം, റോഡുകൾ – പൊതുവഴികൾ നിർമിക്കൽ തുടങ്ങിയവ സമൂഹത്തിൽ വലിയ സഹായങ്ങളായി മാറി. വനിതകൾക്കായി പല പദ്ധതികളും നടപ്പാക്കി. ട്രൈനിംഗ് അക്കാദമി കുളപ്പുറം (ട്രാക്ക് ) പദ്ധതിയിലൂടെ യൂണിഫോം ജോലികളിലേക്ക് വിദ്യാർഥികൾക്ക് പരിശീലനം നൽകിവരുന്നു. കുളപ്പുറം ഗ്രാമത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതി, മാതൃകാ ആരോഗ്യ ഗ്രാമ പദ്ധതി, ജൈവ-പച്ചക്കറി ഗ്രാമം പദ്ധതി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
സാഹിത്യ രംഗത്തെ മലയാണ്മയുടെ പ്രിയപ്പെട്ട വ്യക്തികൾ വായനശാലയുടെ അതിഥികളായെത്തി. സുകുമാർ അഴീക്കോട്, ഭരത് മുരളി, സിനിമാ താരങ്ങളായ രേവതി, സുരേഷ് ഗോപി എന്നിവർ വിവിധ ചടങ്ങുകളിൽ സംബന്ധിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ പുലിജന്മത്തിന്റെ ചില ഭാഗങ്ങൾ വായനശാലയിൽ വെച്ച് ചിത്രീകരിക്കുകയുണ്ടായി.
കാലാകാലങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട ഫാസിസ്റ്റ് ശക്തികൾക്കുമുള്ള പൊതു സ്വഭാവമായിരുന്നു പുസ്തക ഭയം. അതുകൊണ്ട് തന്നെ വായനയെ നിർണയിക്കാനും നിയന്ത്രിക്കാനും വിവിധ കാലങ്ങളിൽ ഫാസിസ്റ്റ് ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുണ്ട്. വായനയും എഴുത്തുമൊക്കെ കേവലം വിനോദ മാർഗങ്ങൾ മാത്രമല്ല മറിച്ച് സമൂഹ നന്മക്കായുള്ള പോരാട്ടങ്ങളുടെ ആയുധം കൂടിയാണ്. ഒരു ഗ്രാമത്തെ അറിവിലൂടെ സമ്പന്നമാക്കുന്ന കുളപ്പുറം വായനശാല മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്.
എവിടെ വായന മരിക്കുന്നുവോ… അവിടെ ഫാസിസം ഉദിച്ചുയരും — തോപ്പിൽ മുഹമ്മദ് മീരാൻ.