Connect with us

Kerala

പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി സ്ഥിരം കുറ്റവാളി;ജയിലില്‍ നിന്നുമിറങ്ങിയത് ജനുവരിയില്‍

ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കരഞ്ഞ കുട്ടിയുടെ വായ് പൊത്തിപ്പിടിച്ചെന്നും അനക്കമില്ലാതായപ്പോള്‍ പേടിച്ചുപോയതിനെ തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ചുവെന്നുമാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു

Published

|

Last Updated

തിരുവനന്തപുരം |  പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി നേരെത്ത പോക്‌സോ കേസിലടക്കം നിരവധി കേസുകളിലെ പ്രതിയെന്ന് പോലീസ്. അയിരൂര്‍ സ്വദേശി ഹസന്‍കുട്ടിയെന്ന കബീറാണ് പിടിയിലായതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം ചിന്നക്കടയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സ്ഥിരമായ മേല്‍വിലാസമില്ലാത്ത ഇയാള്‍ മറ്റൊരു കേസിപ്പെട്ട് ജനുവരി 12നാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ തട്ടിയെടുത്തത്.  ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കരഞ്ഞ കുട്ടിയുടെ വായ് പൊത്തിപ്പിടിച്ചെന്നും അനക്കമില്ലാതായപ്പോള്‍ പേടിച്ചുപോയതിനെ തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ചുവെന്നുമാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.

പ്രതി മുമ്പ് എട്ടോളം കേസുകളില്‍ പ്രതി ആയിരുന്നു. 2022ല്‍ അയിരൂരിലെ 11 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ശിക്ഷ കഴിഞ്ഞ് ഇയാള്‍ ജനുവരി 12നാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. പോക്‌സോ കേസിന് പുറമെ ഓട്ടോറിക്ഷ മോഷണം, വീട് മോഷണം, ക്ഷേത്രങ്ങളിലെ മോഷണം, തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

നൂറിലധികം സി സി ടി വികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പേട്ട പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഡി സി പി നിധിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ഫെബ്രുവരി 19ന് പുലര്‍ച്ചെയാണ് നാടോടി ദമ്പതികളായ ഹൈദരാബാദ് സ്വദേശികളുടെ മകളെ കാണാതായത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ കാണാതാകുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണു സംശയിച്ചിരുന്നത്. കുട്ടിയെ പിന്നീട് ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു

കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞതോടെ ഇയാള്‍ വായ പൊത്തിപ്പിടിച്ചു. കുഞ്ഞിന്റെ ബോധം മറഞ്ഞതോടെയാണ് ഓടയില്‍ ഉപേക്ഷിച്ചത്.

Latest