Kerala
ചുമതല ഒഴിഞ്ഞില്ല; വിമത വൈദികര്‍ക്കെതിരെ നടപടിയെടുത്ത് സിറോ മലബാര്‍ സഭ
വൈദികവൃത്തിയില്‍ നിന്ന് വിലക്കി
കൊച്ചി | നാല് വിമത വൈദികരെ വൈദിക വൃത്തിയില്‍ നിന്ന് വിലക്കി സിറോ മലബാര്‍ സഭ. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്‍, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫെറോന പള്ളി മുന്‍ വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, പാലാരിവട്ടം സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളി മുന്‍ വികാരി ഫാ. തോമസ് വാളൂക്കാരന്‍, മാതാനഗര്‍ വേളാങ്കണ്ണിമാതാ പള്ളി മുന്‍ വികാരി ഫാ ബെന്നി പാലാട്ടി എന്നിവര്‍ക്കെതിരെയാണ് നടപടി.
ബസിലിക്കയുടെയും തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗര്‍ എന്നീ ഇടവകളുടെയും ചുമതല ഒഴിയാത്തതിനെ തുടര്‍ന്നാണ് നാല് വൈദികര്‍ക്കെതിരെയും നടപടി സ്വീകരിച്ചത്. നടപടി നേരിടുന്ന നാല് വൈദികര്‍ക്കും കുമ്പസാര വിലക്കുമുണ്ട്.
നാല് വിമത വൈദികരോടും പ്രീസ്റ്റ് ഹോമിലേക്ക് മാറാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അന്ത്യശാസനം പുറപ്പെടുവിച്ചു. പരസ്യ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ലെന്നും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദേശിച്ചു.