Articles
സിസ്റ്റം തന്നെയാണ് പ്രതി
മനുഷ്യ നിര്‍മിതമായ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന എല്ലാ സാഹചര്യങ്ങളെയും നേരത്തേ കണ്ടെത്തി പരിഹാരമാകുന്ന രീതിയിലേക്ക് നിയമ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമാണ്. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെയും സിസ്റ്റത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതിന് പകരം രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്ന സ്വഭാവം മാറേണ്ടതുണ്ട്. മറ്റൊരു ദുരന്തത്തോട് കൂടി പഴയ ദുരന്തത്തെ മറക്കുന്ന അവസ്ഥ ഇനിയെങ്കിലും നാം അവസാനിപ്പിക്കണം.
‘ഷവര്‍മ കഴിച്ച് ആരെങ്കിലും മരിച്ചാല്‍ അടുത്ത ഒരാഴ്ച ഷവര്‍മ പിടിത്തം. ബോട്ട് മറിഞ്ഞ് ആരെങ്കിലും മരിച്ചാല്‍ അടുത്ത ഒരാഴ്ച ബോട്ട് പിടിത്തം. പട്ടി കടിച്ച് ആരെങ്കിലും മരിച്ചാല്‍ അടുത്ത ഒരാഴ്ച പട്ടി പിടിത്തം. ഇങ്ങനെയൊക്കെ മതിയോ പ്രബുദ്ധ മലയാളിക്ക്? സ്ഥിരമായി ഒരു സംവിധാനം വേണ്ടേ? ഒരാഴ്ച മാത്രം മതിയോ പ്രബുദ്ധത.’ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ കേരളത്തിലുണ്ടായ രണ്ട് ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയയില്‍ കണ്ട മേല്‍ ഉദ്ധരിച്ച വാചകത്തിന്റെ ഉള്ളടക്കം പ്രസക്തമാകുന്നത്. ഇന്ന് സോഷ്യല്‍ മീഡിയ പൊതുബോധത്തിന്റെ പ്രഖ്യാപന ഭൂപ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനെ നേരത്തേ കണ്ട അത്ര ലാഘവത്തില്‍ ഇനി ഭരണകൂട സംവിധാനങ്ങള്‍ക്ക് തള്ളിക്കളയാന്‍ കഴിയില്ല. താനൂരിലെ ബോട്ടപകടവും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ വന്ദന ദാസിന്റെ ദാരുണമായ അന്ത്യവും എത്ര ദിവസം നമ്മള്‍ ഓര്‍ത്തുവെക്കും എന്നതും പ്രസക്തമായ ചോദ്യമാണ്.
ഓരോ മനുഷ്യ നിര്‍മിത ദുരന്തവും സായാഹ്ന ചര്‍ച്ചയിലെ കൊടുങ്കാറ്റായി രണ്ടോ മൂന്നോ ദിവസം നില്‍ക്കും. പുതിയ സംഭവം പഴയതിനെ മായ്ച്ച് കളയും. എന്നാല്‍ ഇത്തരം കേസുകളുടെ അവസ്ഥകള്‍ എന്തായി എന്ന് പിന്നീട് ചാനലുകള്‍ അന്വേഷിക്കുന്നതായി കാണാറില്ല. ഇത്തരം വിഷയങ്ങളോട് മാധ്യമങ്ങള്‍ക്കുള്ള ആത്മാര്‍ഥതയുടെ സൂചകങ്ങളായി ഇതിനെ കരുതേണ്ടതുണ്ട്. മറ്റൊന്ന്, വിഷയങ്ങളെ രാഷ്ട്രീയവത്കരിച്ച് ഭരണ, പ്രതിപക്ഷ താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതാണ്. അത്തരം നിര്‍ബന്ധബുദ്ധികള്‍ക്ക് മുന്നില്‍ പലപ്പോഴും ഇരകളുടെ നീതി അപ്രസക്തമാകുന്നു. ഇങ്ങനെയുള്ള അതിലളിത പൊതുയുക്തിക്ക് ഇടയില്‍ നിന്നാണ് മനുഷ്യ നിര്‍മിത ദുരന്തങ്ങളുടെ വസ്തുതാപരമായ അന്വേഷണങ്ങള്‍ നടക്കേണ്ടത്. എന്തുകൊണ്ട് ആരും അതിന് തയ്യാറാകുന്നില്ല?
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത് ഓരോ വിഷയത്തെയും മുന്നണി ഭരണ സംവിധാനത്തില്‍ മാത്രം നിരീക്ഷിക്കുന്നതാണ്. ഓരോ സംഭവങ്ങളെയും രാഷ്ട്രീയ താത്പര്യത്തോടെ നോക്കിക്കാണുമ്പോള്‍ വസ്തുതകള്‍ അപ്രസക്തമാകുന്നു. അതുകൊണ്ടാണ് പൊതുസമൂഹത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് അനിവാര്യമാണ് എന്ന ആവശ്യം ശക്തമാകേണ്ടത്. എങ്കില്‍ മാത്രമേ നമ്മുടെ സിസ്റ്റം അങ്ങേയറ്റം മലീമസപ്പെട്ടിട്ടുണ്ടെന്നും കൃത്യമായ അഴിച്ചുപണി ആവശ്യമുണ്ടെന്നും ബോധ്യമാകൂ.
യുവ ഡോക്ടര്‍ വന്ദന ദാസിന്റെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട,് ‘ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുക’ എന്ന കോടതി നടത്തിയ പരാമര്‍ശം ഏവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. സംഭവത്തില്‍ പ്രത്യേക സിറ്റിംഗ് നടത്തിയ കേരള ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ എടപ്പകത്ത് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബഞ്ചിന്റെ പരാമര്‍ശം അത്ര ലാഘവത്തോടെയല്ല നാം കാണേണ്ടത്. ഈ വിമര്‍ശത്തിന്റെ ഉള്ളില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ പോരായ്മ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
ഡോക്ടര്‍മാര്‍ക്ക് നേരേ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ദിവസംപ്രതി കൂടിവരികയാണ്. ആഴ്ചയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനെങ്കിലും ആക്രമിക്കപ്പെടുന്നു എന്നാണ് ഐ എം എയുടെ കണക്ക്. കഴിഞ്ഞ വര്‍ഷം ഇത്തരം 137 ആക്രമണങ്ങള്‍ നടന്നു. എന്നാല്‍ ആദ്യമായിട്ടാണ് കേരളത്തില്‍ ഒരു ഡോക്ടര്‍ രോഗിയാല്‍ കൊല്ലപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നടക്കുന്ന ഓരോ സംഭവത്തിന്റെയും ശരിതെറ്റുകളെ പരിശോധിക്കേണ്ടത്. എന്നാല്‍ അത്തരം സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ പരിശോധന നടക്കുന്നില്ല. അറിഞ്ഞിടത്തോളം ഒരു താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ രാത്രി സമയത്ത് ഒരു സര്‍ജനും ഒരു നഴ്സും ഉള്‍പ്പെടെ അഞ്ച് ജീവനക്കാരാണ് ഉണ്ടാകുക. രാത്രി സമയങ്ങളില്‍ ഉണ്ടാകുന്ന വാഹനാപകടം, ക്രിമിനല്‍ സ്വഭാവത്തോടെയുള്ള അപകടങ്ങള്‍, സ്വാഭാവികമായുണ്ടാകുന്ന അപകടങ്ങള്‍ എന്നിവയൊക്കെ കൈകാര്യം ചെയ്യേണ്ടത് ഈ അഞ്ചംഗ സംഘമാണ്. ജോലി സ്ഥലത്ത് അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചെറുതല്ല. ഉറക്കം ഒഴിഞ്ഞുള്ള ഈ പരിചരണങ്ങള്‍ക്കിടയില്‍ ഏതെങ്കിലും ഡോക്ടര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന തീക്ഷ്ണാനുഭവങ്ങള്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പല രീതിയിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത്തരം ദുരിതങ്ങളെ കുറിച്ച് പറയാന്‍ ആരും തയ്യാറല്ല. ഈയൊരു പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ‘എക്സ്പീരിയന്‍സിനെ’ കുറിച്ചുള്ള പരാമര്‍ശത്തെ മനസ്സിലാക്കേണ്ടത്.
എന്താണ് ആ എക്സ്പീരിയന്‍സ്?
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അഭിപ്രായപ്രകടനം വലിയ രീതിയില്‍ സമൂഹത്തില്‍ തെറ്റായ ധാരണ പരത്തിയിട്ടുണ്ട്. 23 വയസ്സായ യുവ വനിതാ ഡോക്ടര്‍ക്ക് അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള എക്സ്പീരിയന്‍സ് ഇല്ലാത്തതാണ് അവരുടെ മരണത്തിന് കാരണം എന്ന രീതിയില്‍ ആ പ്രസ്താവനയെ മാധ്യമങ്ങളും ഒരു വിഭാഗവും വ്യാപകമായി പ്രചരിപ്പിച്ചു. സത്യത്തില്‍ മന്ത്രി എന്താണ് ഉദ്ദേശിച്ചത്? അതിലെ ഉദ്ദേശശുദ്ധി എന്താണ്? അതിനെക്കുറിച്ച് ഒരു അന്വേഷണം പോലും ഉണ്ടായില്ല. മെഡിക്കല്‍ മേഖലയിലെ ഒരു വ്യക്തിയോട് സംസാരിച്ചപ്പോഴാണ് ആ പ്രസ്താവനയുടെ ഉള്ളടക്കത്തെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. കാഷ്വാലിറ്റിയിലെ ഡോക്ടര്‍മാരും അനുബന്ധ സംവിധാനവും ഏറെ പരിമിതി അനുഭവിക്കുന്നുണ്ട്. പലപ്പോഴും രാത്രിയില്‍ എത്തുന്ന രോഗികളില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉണ്ടാകും. അവരെ എങ്ങനെയാണ് ശുശ്രൂഷിക്കേണ്ടതെന്നതും അവരില്‍ നിന്നുണ്ടാകുന്ന ശാരീരിക ആക്രമണത്തെ ഏത് രീതിയില്‍ ചെറുക്കണമെന്നുള്ളതും ഒരു ഡോക്ടര്‍ക്ക് ദീര്‍ഘകാലത്തെ സേവനത്തിലൂടെ ബോധ്യപ്പെടുന്നതാണ്. വന്ദന ദാസ് എന്ന യുവ ഡോക്ടര്‍ക്കെതിരെ ആക്രമണ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സിസ്റ്റര്‍മാരും പോലീസുകാരും സ്വയം രക്ഷ നേടി. എന്നാല്‍ അക്രമിയുടെ പരാക്രമത്തില്‍ പകച്ചുപോയ ഡോക്ടര്‍ക്ക് ഇരയാകാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. അത് അവരുടെ പരിചയക്കുറവാണ്. ഇതായിരിക്കാം മന്ത്രി വീണാ ജോര്‍ജ് ഉദ്ദേശിച്ചിട്ടുണ്ടാകുക. ആ കുറവിനെക്കുറിച്ചായിരിക്കാം സഹജീവനക്കാര്‍ പറഞ്ഞിട്ടുണ്ടാകുക. മന്ത്രിയുടെ പ്രസ്താവനക്ക് പിറകെ പോകുന്നതിനു പകരം പൊതുസമൂഹം ഉന്നയിക്കേണ്ട ചര്‍ച്ച, രാത്രികാല രോഗീപരിചരണത്തിലെ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചായിരുന്നു.
അധ്യാപകനായ പ്രതിയും മയക്കുമരുന്നും
ഡോക്ടറെ കുത്തിക്കൊന്ന പ്രതിയുടെ സ്വഭാവവും ജോലിയും ഈ ഘട്ടത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അധ്യാപകനായ സന്ദീപ് ലഹരിക്ക് അടിമയായിരുന്നു. അടുത്തിടെയാണ് ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് പുറത്തിറങ്ങിയതെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അധ്യാപകന്‍ മയക്കുമരുന്നിന്റെ അടിമയായി മാറി ഇത്തരം മൃഗീയ സ്വഭാവം പുറത്തെടുക്കുന്നുണ്ടെങ്കില്‍ അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ അപകടാവസ്ഥയെക്കുറിച്ച് ചര്‍ച്ച നടത്തേണ്ടതുണ്ട്. നമ്മുടെ സിസ്റ്റത്തില്‍ അത്തരം സ്വഭാവമാറ്റത്തെ കണ്ടെത്താന്‍ സംവിധാനമില്ല. പ്രതി ലഹരിയിലാണ് കൃത്യം ചെയ്തതെങ്കിലും കൊല്ലാന്‍ വേണ്ടി തന്നെയാണ് കുത്തിയത്. മുപ്പത് മുറിവുകള്‍ ഡോക്ടറുടെ ശരീരത്തില്‍ ഉണ്ടായിട്ടുണ്ട്. ചിലത് മാരകമായിട്ടുള്ളതാണ്. ഈ അവസരത്തില്‍ വേണ്ട രീതിയില്‍ ഇടപെടാന്‍ പോലീസിനു കഴിഞ്ഞില്ല. അവിടെയും നിയമത്തിന്റെ നൂലാമാലയുണ്ട്.
പോലീസിന്റെ നിഷ്‌ക്രിയത്വം
സര്‍ക്കാര്‍ സംവിധാനത്തില്‍ എപ്പോഴും വിമര്‍ശം ഏറ്റുവാങ്ങുന്നവരാണ് ആഭ്യന്തര വകുപ്പ്. ഡോക്ടര്‍ക്ക് മാരകമായ കുത്തേല്‍ക്കുമ്പോള്‍ എന്തുകൊണ്ട് പോലീസ് പ്രതിരോധവുമായി എത്തിയില്ല എന്ന ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രതിയെ ചികിത്സിക്കുമ്പോള്‍ പോലീസ് അടുത്തുണ്ടാകേണ്ട എന്ന വിധി കോടതിയില്‍ നിന്ന് വാങ്ങിയത് ഡോക്ടര്‍മാരാണെന്ന് പോലീസ് പറയുന്നു. അങ്ങനെയെങ്കില്‍ ഇത്തരം പ്രതികളെ ഡോക്ടറുടെ അടുത്ത് പരിശോധനക്ക് എത്തിക്കുമ്പോള്‍ മറ്റു സംവിധാനത്തെ കുറിച്ച് പോലീസ് ആലോചിക്കേണ്ടതുണ്ടായിരുന്നു. എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല. റോഡില്‍ കാണുന്ന സാധാരണ മനുഷ്യരോട് നിസ്സാര വിഷയങ്ങളില്‍ പോലീസ് കാണിക്കുന്ന സമീപനം നമുക്കറിയാം.
എവിടെയായിരുന്നു പോലീസ് എന്ന കോടതിയുടെ ചോദ്യത്തിന് സിസ്റ്റം തന്നെയാണ് മറുപടി പറയേണ്ടത്. പതിനൊന്ന് തവണയാണ് യുവ ഡോക്ടറെ കുത്തിയത്. പോലീസാണ് വന്ദനയെ തോല്‍പ്പിച്ചത്. നമ്മളാണ് ആ കുടുംബത്തെ തോല്‍പ്പിച്ചതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. ചുരുക്കത്തില്‍ പോലീസ് ചെറിയ ജാഗ്രത പാലിച്ചിരുന്നെങ്കില്‍ വന്ദനയെ രക്ഷിക്കാമായിരുന്നു എന്ന് സാരം. പ്രതി ക്രിമിനല്‍ സ്വഭാവം കാണിക്കുന്നത് ആദ്യം തിരിച്ചറിയാന്‍ കഴിയുക പോലീസിനാണ്. എന്നിട്ടും എന്തുകൊണ്ട് സന്ദീപിന്റെ അസ്വാഭാവിക പെരുമാറ്റത്തില്‍ പോലീസിന് ജാഗ്രതക്കുറവ് ഉണ്ടായി. ലോക്കല്‍ പോലീസ് സംവിധാനത്തില്‍ മാറ്റം ആവശ്യമാണ് എന്ന ചര്‍ച്ച ഉയര്‍ന്നു കഴിഞ്ഞു. ഈ സംഭവത്തിന്റെ ചൂട് കുറയുന്നതോടെ നമ്മളത് മറക്കും.
നമ്മുടെ സിസ്റ്റം തന്നെയാണ് പ്രതി
അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണത ഓരോ വിഭാഗങ്ങളും വിഷയങ്ങളെ തങ്ങളുടെ മാത്രം പ്രശ്നമായി അഡ്രസ്സ് ചെയ്യുന്നുവെന്നതാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഓരോ വകുപ്പിലും ഉണ്ടാകുന്ന വിഷയങ്ങള്‍ അതാത് വിഭാഗത്തിന്റെ പ്രശ്നം മാത്രമായി കാണുന്നു. വിഷയങ്ങളെ സാമൂഹികമായി പ്രശ്നവത്കരിക്കേണ്ടതാണെന്ന ശരിയായ ധാരണ ഉണ്ടാകുന്നില്ല. ആ തരത്തിലേക്ക് നമ്മുടെ സിസ്റ്റം എത്തിക്കഴിഞ്ഞു. ഒരു കാര്യം കൃത്യമായി ഉറപ്പിക്കാം. നമ്മുടെ സിസ്റ്റം അടിമുടി മാറേണ്ടതുണ്ട്. ഒരു ദുരന്തം സംഭവിച്ചാല്‍ ആ ദുരന്തത്തിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് അന്വേഷണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കല്‍ നടക്കും. പിന്നീട് അത് മറക്കും. ഈ സിസ്റ്റം മാറണം. മനുഷ്യ നിര്‍മിതമായ ദുരന്തങ്ങള്‍ക്ക് കാരണമാകുന്ന എല്ലാ സാഹചര്യങ്ങളെയും നേരത്തേ കണ്ടെത്തി പരിഹാരമാകുന്ന രീതിയിലേക്ക് നിയമ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമാണ്. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെയും സിസ്റ്റത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നതിന് പകരം രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്ന സ്വഭാവം മാറേണ്ടതുണ്ട്. മാത്രമല്ല, തുണിക്കട മുതല്‍ ഉന്നതമായ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വരെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍പരമായ പ്രയാസങ്ങളെയും പരിമിതികളെയും കൃത്യമായി പരിശോധിച്ച് ശാശ്വതമായി പരിഹരിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാറില്‍ നിന്നുണ്ടാകണം. മറ്റൊരു ദുരന്തത്തോട് കൂടി പഴയ ദുരന്തത്തെ മറക്കുന്ന അവസ്ഥ ഇനിയെങ്കിലും നാം അവസാനിപ്പിക്കണം. ഇതൊക്കെ എത്രയോ പേര്‍ നിരന്തരം നമ്മുടെ സംവിധാനത്തോട് പറഞ്ഞതാണ്. പരിഹാരം മാത്രം ഉണ്ടാകുന്നില്ല. അതിന്റെ കാരണങ്ങളെ രാഷ്ട്രീയമായി വിമര്‍ശിക്കേണ്ടതുണ്ട്. രാഷ്ട്രീയമായിത്തന്നെ പരിഹരിക്കപ്പെടേണ്ടതുണ്ട്.