Travelogue
തായ്‌ലാൻഡിലെ താജ്മഹൽ
കടൽത്തീരം എന്നാണ് പട്ടാണി എന്ന മലായ് പദത്തിന്റെ അർഥം.പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാർ മലാക്ക പിടിച്ചടക്കിയതോടെ പട്ടാണിക്ക് കൂടുതൽ പ്രാധാന്യം കൈവന്നു. അക്കാലയളവിലാണ് പ്രദേശത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെടുന്നതും രാജ്ഞി ഭരണം നിലവിൽ വന്നതും. നൂറ് വർഷത്തോളം അത് നീണ്ടുനിന്നു. ജപ്പാൻ, നെതർലാൻഡ്സ്, ഇംഗ്ലണ്ട് തുടങ്ങിയ വൈദേശിക രാജ്യങ്ങളുടെ ആക്രമണങ്ങൾക്കും പട്ടാണി വിധേയമായിട്ടുണ്ട്.

തായ്‌ലാൻഡിലെ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യയാണ് പട്ടാണി. നദികളും സമുദ്രതീരങ്ങളും വനങ്ങളും വശ്യ സുന്ദരമാക്കിയ നാട്. തായ്, ചൈനീസ്, മുസ്‌ലിം സംസ്കാരങ്ങളുടെ സംഗമ ഭൂമി.
സോംഗ്ക്ല, യാല, നരത്തിവാത്ത് എന്നിവയാണ് സമീപ പ്രവിശ്യകൾ. മലയ് സുൽത്താനേറ്റിന്റെ കീഴിലായിരുന്നു ദീർഘകാലം. പിന്നീട് സിയാം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായി. എൺപത്തിയെട്ട് ശതമാനമാണ് പട്ടാണിയിലെ മുസ്‌ലിം ജനസംഖ്യ.
ശൈഖ് സഈദ് എന്ന സ്വൂഫീവര്യൻ മുഖേനയാണ് പട്ടാണിയിൽ ഇസ്‌ലാമിന് പ്രചാരം ലഭിച്ചത്. അന്ന് പ്രദേശം ഭരിച്ചിരുന്ന മഹാശയ് ബായ്്ലാംഗ് രാജാവിന്റെ അസുഖം ശൈഖ് ചികിത്സിച്ചു ഭേദമാക്കി. അതേ തുടർന്ന് ഇസ്‌ലാം സ്വീകരിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും രാജാവ് വാക്ക് പാലിച്ചില്ല. രാജാവ് വീണ്ടും രോഗ ബാധിതനായി. ശമനത്തിന് ശൈഖിനെ തന്നെ സമീപിക്കേണ്ടി വന്നു. അതേ തുടർന്ന് അദ്ദേഹം പരിവാര സമേതം സത്യ സന്ദേശം പുൽകുകയും ഇസ്മാഈൽ ഷാഹ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പുത്രനായ സുൽത്വാൻ മുളഫർ ഷായാണ് പിൻഗാമി.
അദ്ദേഹമാണ് ശൈഖ് സ്വഫിയ്യുദീന്റെ നിർദേശ പ്രകാരം പട്ടാണിയിലെ ആദ്യ പള്ളി നിർമിച്ചത്.
കടൽത്തീരം എന്നാണ് പട്ടാണി എന്ന മലായ് പദത്തിന്റെ അർഥം. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാർ മലാക്ക പിടിച്ചടക്കിയതോടെ പട്ടാണിക്ക് കൂടുതൽ പ്രാധാന്യം കൈവന്നു. അക്കാലയളവിലാണ് പ്രദേശത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെടുന്നതും രാജ്ഞി ഭരണം നിലവിൽ വന്നതും. നൂറുവർഷത്തോളം അത് നീണ്ടു നിന്നു. ജപ്പാൻ, നെതർലാൻഡ്സ്, ഇംഗ്ലണ്ട് തുടങ്ങിയ വൈദേശിക രാജ്യങ്ങളുടെ ആക്രമണങ്ങൾക്കും പട്ടാണി വിധേയമായിട്ടുണ്ട്.
രാവിലെ എട്ടിനാണ് ഹാത്യായിൽ നിന്ന് പട്ടാണിയിലേക്ക് യാത്ര ആരംഭിച്ചത്. അവിടെ ശൈഖ് ഇബ്റാഹീം സ്വീകരിക്കാനെത്താമെന്ന് അറിയിച്ചിട്ടുണ്ട്. പച്ചപ്പണിഞ്ഞ വഴിയോരം. കുന്ന്, മലകൾ, കടൽത്തീരങ്ങൾ.
നയന മനോഹരം. ജനവാസ കേന്ദ്രങ്ങൾ കുറവാണ്.ഇടക്കിടെ പള്ളികളും ബുദ്ധ ക്ഷേത്രങ്ങളും. വെള്ളപ്പൊക്കം ബാധിച്ചതിന്റെ അടയാളങ്ങൾ പലയിടങ്ങളിലും കാണുന്നുണ്ട്.
വിശക്കുന്നുണ്ട്. പ്രാതൽ കഴിച്ചിട്ടില്ല. ഭക്ഷണ ശാലകൾ അപൂർവം. ഉള്ളവ തന്നെ നാടനാണ്. ഒടുവിൽ ഹലാൽ ബോർഡുള്ള ഒരിടം കണ്ടു. നഗരത്തോടടുക്കുന്തോറും മുസ്‌ലിം ചിഹ്നങ്ങൾ കൂടിക്കൂടി വരുന്നു. ബോർഡുകളിൽ അറബിയും നൽകിയിട്ടുണ്ട്.
ഒരു പെട്രോൾ പമ്പിലാണ് ശൈഖ് ഇബ്റാഹീം കാത്തുനിൽക്കാമെന്ന് പറഞ്ഞത്. അവിടെയെത്തി അദ്ദേഹത്തെ വിളിച്ചു. നോക്കുമ്പോൾ അദ്ദേഹം മാത്രമല്ല പത്തോളം വരുന്ന പണ്ഡിത സംഘം സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു. ആ കാഴ്ച കണ്ടപ്പോൾ തന്നെ മനം നിറഞ്ഞു. മുൻപരിചയമില്ലാത്ത നാട്ടിൽ, ആരും കൂട്ടിനുണ്ടാകില്ലെന്ന് കരുതിയ ദേശത്ത് പ്രൗഢമായ വരവേൽപ്പ് ലഭിക്കുമ്പോൾ എങ്ങനെ കണ്ണുകൾ സന്തോഷത്താൽ ഈറനണിയാതിരിക്കും? കാറിൽ നിന്നിറങ്ങി എല്ലാവരെയും ആശ്ലേഷിച്ചു. പരിചയപ്പെട്ടു. മിക്കവർക്കും അറബി അറിയാം. ശൈഖ് സ്ഫുടമായി സംസാരിക്കുന്നു. യമനിലും മറ്റും പഠനം നടത്തിയവരാണ്. മലബാറിനെ കുറിച്ചും മലബാരീ പണ്ഡിതന്മാരെ കുറിച്ചും അവർക്ക് നല്ല മതിപ്പ്.
തുടർ യാത്രക്കായി അവർ മികച്ച കാറുകളും സജ്ജീകരിച്ചിട്ടുണ്ട്. അതിൽ കയറി. കൂട്ടമായി ഞങ്ങൾ മുന്നോട്ടു നീങ്ങി. പട്ടാണി സെൻട്രൽ മസ്ജിദിലേക്കാണ് പോകുന്നത്.സമയം വൈകിയിട്ടുണ്ട്. വേഗം സന്ദർശനം പൂർത്തീകരിക്കണം. ശേഷം ഉച്ചഭക്ഷണം കഴിക്കാൻ മറ്റൊരിടത്ത് എത്തേണ്ടതുണ്ട്. പട്ടാണിയിലെ പ്രധാന ആകർഷണമാണ് സെൻട്രൽ മസ്ജിദ്. 1954 ലാണ് മസ്ജിദ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. താജ്മഹലിനെ അനുസ്മരിപ്പിക്കുന്ന സുന്ദര നിർമിതി. പകൽ വെളിച്ചത്തിൽ അതിന്റെ മിനാരങ്ങൾ മിന്നിത്തിളങ്ങി നിൽക്കുന്നു. മുന്നിൽ കുളവും ഈന്തപ്പന മരങ്ങളും. ളുഹ്ർ നിസ്കാര വേളയിലാണ് പള്ളിയിൽ പ്രവേശിച്ചത്. നല്ല തിരക്കുണ്ട്. ധാരാളം മജ്്ലിസുകളും പ്രഭാഷണങ്ങളും നടക്കാറുണ്ടിവിടെ. ശൈഖ് ബാബാ ഇസ്മാഈലിന്റെ പ്രതിവാര പ്രഭാഷണങ്ങൾക്ക് നൂറുകണക്കിന് പേരാണ് പങ്കെടുക്കാറുള്ളത്.